ബ്രിസ്ബേൻ: ബ്രിസ്ബേന് തെക്ക് ലോഗനിൽ നിയമവിരുദ്ധമായ കാർ അഭ്യാസപ്രകടനങ്ങൾക്കിടയിലുണ്ടായ (Car Meet) അപകടത്തിൽ വിക്ടോറിയയിൽ നിന്നുള്ള 51-കാരിയായ വീട്ടമ്മ കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രി ഒൻപത് മണിയോടെ ലോഗൻ റിസർവിലെ സ്കൂൾ റോഡിലായിരുന്നു സംഭവം. മകളുടെ വീട്ടിൽ ഈസ്റ്റർ വിരുന്ന് കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറിലേക്ക് റേസിംഗിൽ പങ്കെടുത്ത വാഹനം അമിതവേഗതയിൽ ഇടിച്ചുകയറുകയായിരുന്നു.
ലൈറ്റുകൾ തെളിക്കാതെ തെറ്റായ ദിശയിലൂടെ അമിതവേഗതയിൽ വന്ന ഫോർഡ് ഫാൽക്കൺ യൂട്ട് (Ute), മൂന്ന് കാറുകളെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് കുടുംബം സഞ്ചരിച്ചിരുന്ന ഫോർഡ് ഫോക്കസ് കാറിൽ നേർക്കുനേർ ഇടിച്ചത്. നാല് കുട്ടികളുടെ അമ്മയായ യുവതി സംഭവസ്ഥലത്തുതന്നെ മരിച്ചു. കാറിലുണ്ടായിരുന്ന യുവതിയുടെ 28 വയസ്സുള്ള അനന്തരവൾക്കും ഒരു വയസ്സുള്ള കുഞ്ഞിനും പരിക്കേറ്റു. ഇവരെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന രണ്ട് വയസ്സുകാരിയും മറ്റൊരാളും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
അപകടമുണ്ടാക്കിയ വാഹനത്തിലുണ്ടായിരുന്ന 17 വയസ്സുള്ള പെൺകുട്ടിക്കും മറ്റ് യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന് സമീപത്തു നടന്ന കാർ റേസിംഗുമായി ബന്ധമുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. മുഖംമൂടി ധരിച്ച നൂറുകണക്കിന് യുവാക്കൾ ആഡംബര വാഹനങ്ങളുമായി തെരുവുകളിൽ അഭ്യാസപ്രകടനങ്ങൾ നടത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വ്യാഴാഴ്ചയ്ക്ക് ശേഷം ക്വീൻസ്ലൻഡ് റോഡുകളിൽ പൊലിഞ്ഞ ആറാമത്തെ ജീവനാണിത്. വിഷ്ഹാർട്ട്, സൺഷൈൻ കോസ്റ്റ് എന്നിവിടങ്ങളിൽ കാറുകൾ മരത്തിലിടിച്ചുണ്ടായ അപകടങ്ങളിലും ഗോൾഡ് കോസ്റ്റിലെ ബൈക്ക് അപകടത്തിലും മക്കായ്ക്ക് സമീപം ക്വാഡ് ബൈക്ക് മറിഞ്ഞും കഴിഞ്ഞ ദിവസങ്ങളിൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കില്ലാർണിയിൽ രണ്ട് മോട്ടോർ ബൈക്കുകൾ കൂട്ടിയിടിച്ചും ഒരാൾ മരിച്ചു. ഈസ്റ്റർ അവധിക്കാലത്ത് റോഡുകളിലുണ്ടാകുന്ന ഈ തുടർച്ചയായ അപകടങ്ങൾ സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

