ന്യൂ സൗത്ത് വെയ്ൽസിൽ ദാരുണമായ വാഹനാപകട; ഒരാൾ മരിച്ചു, 35 കന്നുകാലികൾക്കും ജീവഹാനി

വാൽച്ച: ന്യൂ സൗത്ത് വെയ്ൽസിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ 22 വയസ്സുകാരനായ ട്രക്ക് ഡ്രൈവർ കൊല്ലപ്പെട്ടു. ടാംവർത്തിന് 90 കിലോമീറ്റർ കിഴക്ക് വാൽച്ചയിലെ തണ്ടർബോൾട്ട് വേയിൽ ബുധനാഴ്ച രാവിലെ 10.15-ഓടെയായിരുന്നു അപകടം.

കന്നുകാലികളെ കയറ്റിവന്ന ട്രക്കും മറ്റൊരു ബി-ഡബിൾ ട്രക്കും ഒരു യൂട്ടും (ute) തമ്മിലാണ് കൂട്ടിയിടിച്ചത്. രക്ഷാപ്രവർത്തകർ ഉടനടി സ്ഥലത്തെത്തി പ്രഥമശുശ്രൂഷ നൽകിയെങ്കിലും കന്നുകാലികളെ കയറ്റിയിരുന്ന ട്രക്കിന്റെ ഡ്രൈവറായ യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ പെട്ട 35-ഓളം കന്നുകാലികളും ചത്തതായും ഗുരുതരമായി പരിക്കേറ്റ ചില കന്നുകാലികളെ വേദനയില്ലാതെ കൊന്നതായും (euthanise) പോലീസ് സ്ഥിരീകരിച്ചു.

അപകടത്തിൽപ്പെട്ട രണ്ടാമത്തെ ട്രക്കിന്റെ ഡ്രൈവറായ 53 വയസ്സുകാരന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ ന്യൂകാസിലിലെ ജോൺ ഹണ്ടർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തെത്തുടർന്ന് തണ്ടർബോൾട്ട് വേയിലെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. വ്യാഴാഴ്ച രാവിലെയും ഈ പാതയിൽ ഗതാഗത നിയന്ത്രണം തുടരുകയാണ്. വാഹനങ്ങൾ ടാംവർത്ത് വഴി തിരിച്ചുവിടുന്നുണ്ട്.

സംഭവത്തെക്കുറിച്ച് ടാംവർത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. അപകടവുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങളോ ഡാഷ്‌ക്യാം ദൃശ്യങ്ങളോ കൈവശമുള്ളവർ ടാംവർത്ത് പോലീസ് സ്റ്റേഷനിലോ ക്രൈം സ്റ്റോപ്പേഴ്സിലോ വിവരം അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *