ബ്രിസ്ബേൻ: ക്വീൻസ്ലാന്റിൽ ട്രെയിൻ ഗതാഗതം താറുമാറായതിനെത്തുടർന്ന് യാത്രക്കാർ വലയുന്നു. ബ്രിസ്ബേൻ ട്രെയിൻ ലൈനുകളിൽ ഇന്നും യാത്രാക്ലേശം തുടരുകയാണ്. ജീവനക്കാരെ ജോലിയിൽ പ്രവേശിക്കുന്നതിൽ നിന്നും തടഞ്ഞുവെന്ന് (Lock out) യൂണിയനുകൾ ആരോപിക്കുമ്പോൾ, ഇത് ക്വീൻസ്ലാന്റ് റെയിൽവേ അധികൃതർ നിഷേധിച്ചു.
ഇപ്സ്വിച്ച് (Ipswich), ക്ലീവ്ലാൻഡ് (Cleveland) ലൈനുകളിലാണ് ഗതാഗത തടസ്സം രൂക്ഷമായിരിക്കുന്നത്. പകരമായി ഏർപ്പെടുത്തിയിട്ടുള്ള ബസ് സർവീസുകൾ യാത്രക്കാരുടെ തിരക്ക് മൂലം പെട്ടെന്ന് തന്നെ നിറയുന്ന സാഹചര്യമാണ്. യാത്രക്കാർ കൂടുതൽ സമയം കണക്കാക്കി നേരത്തെ ഇറങ്ങണമെന്നും സാധ്യമെങ്കിൽ മറ്റ് യാത്രാമാർഗ്ഗങ്ങൾ തേടണമെന്നും ക്വീൻസ്ലാന്റ് റെയിൽവേ അറിയിച്ചു. ഇന്ധന പ്രതിസന്ധി നിലനിൽക്കുന്ന ഈ സമയത്ത് യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ക്വീൻസ്ലാന്റ് റെയിൽ ചീഫ് എക്സിക്യൂട്ടീവ് കാറ്റ് സ്റ്റാപ്പിൾടൺ ക്ഷമാപണം നടത്തി. ഏകദേശം 180 ഓളം സർവീസുകളെയാണ് സമരം ബാധിച്ചിരിക്കുന്നത്.
ജനുവരി മുതൽ യൂണിയനുകളുമായി ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും മുപ്പതിലധികം സമര നോട്ടീസുകൾ ലഭിച്ചിട്ടുണ്ടെന്ന് സ്റ്റാപ്പിൾടൺ പറഞ്ഞു. സമരത്തിന് സ്റ്റേ വാങ്ങാൻ റെയിൽവേ അധികൃതർ ഫെയർ വർക്ക് കമ്മീഷനെ സമീപിച്ചെങ്കിലും അനുകൂല വിധി ലഭിച്ചില്ല. അതേസമയം, യാത്രക്കാരെ ബാധിക്കാത്ത രീതിയിലുള്ള ചെറിയ പ്രതിഷേധങ്ങൾക്കാണ് യൂണിയൻ തീരുമാനിച്ചതെന്നും എന്നാൽ സർക്കാർ ട്രെയിൻ കൺട്രോളർമാരെ ജോലിയിൽ നിന്ന് തടഞ്ഞ് മനഃപൂർവ്വം പ്രതിസന്ധി സൃഷ്ടിക്കുകയാണെന്നും റെയിൽ, ട്രാം ആൻഡ് ബസ് യൂണിയൻ (RBTU) കുറ്റപ്പെടുത്തി.
തങ്ങൾ സമരത്തിലല്ലെന്നും ജോലി ചെയ്യാൻ തയ്യാറാണെന്നും യൂണിയൻ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. എന്നാൽ ജീവനക്കാരെ തടഞ്ഞിട്ടില്ലെന്നും ഭാഗികമായി ജോലി ബഹിഷ്കരിക്കുന്നവർക്ക് പൂർണ്ണ ശമ്പളം നൽകാനാവില്ലെന്ന് മുന്നറിയിപ്പ് നൽകുക മാത്രമാണ് ചെയ്തതെന്നും ക്വീൻസ്ലാന്റ് റെയിൽവേ വ്യക്തമാക്കി. സർക്കാരും യൂണിയനും തമ്മിലുള്ള തർക്കം മുറുകുന്നതോടെ ദുരിതത്തിലായിരിക്കുന്നത് ആയിരക്കണക്കിന് യാത്രക്കാരാണ്.

