പാലയ്ക്കാട്ടുമലയിലെ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരം; പുതിയ ട്രാൻസ്‌ഫോർമർ മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു

പാലയ്ക്കാട്ടുമല: വർഷങ്ങളായുള്ള വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമായി പാലയ്ക്കാട്ടുമലയിൽ പുതിയ ട്രാൻസ്‌ഫോർമർ സ്ഥാപിച്ചു. പദ്ധതിയുടെ ഉദ്ഘാടനം മോൻസ് ജോസഫ് എം.എൽ.എ നിർവ്വഹിച്ചു. എട്ടു ലക്ഷം രൂപ ചെലവഴിച്ചാണ് ട്രാൻസ്‌ഫോർമറും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയത്.

നിത്യസഹായ മാതാ പള്ളി, നരസിംഹ സ്വാമി ക്ഷേത്രം, സ്നേഹഗിരി പ്രൊവിൻഷ്യൽ ഹൗസ്, എസ്.ഡി കോൺവന്റ്, അങ്കണവാടി, നഴ്സറി എന്നിവയുൾപ്പെടെ ഇരുന്നൂറിലധികം ഉപഭോക്താക്കൾക്ക് പുതിയ ട്രാൻസ്‌ഫോർമർ പ്രയോജനപ്പെടും. പ്രദേശത്തെ വോൾട്ടേജ് ക്ഷാമം പരിഹരിക്കപ്പെട്ടതോടെ ഗാർഹിക-സ്ഥാപന ആവശ്യങ്ങൾക്ക് സുഗമമായ വൈദ്യുതി ലഭ്യമാകും.

മരങ്ങാട്ടുപള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സബിൻലാൽ ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ നിത്യസഹായ മാതാ പള്ളി വികാരി ഫാ. ജോർജ് വയലിപ്പറമ്പിൽ അനുഗ്രഹപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം ജൂബി തെക്കേൽ, പഞ്ചായത്തംഗം പി. പ്രസീത, മീനച്ചിൽ താലൂക്ക് വികസന സമിതിയംഗം പീറ്റർ പന്തലാനി, പൗരസമിതി കൺവീനർ ജയ്മോൻ പുതിയാമറ്റത്തിൽ എന്നിവർ സംസാരിച്ചു.

ചടങ്ങിൽ ജോയി കല്ലമ്പള്ളിൽ, ഷാജി മേൽവെട്ടം, ജോയി കളത്താനാൽ, ജോയി കരോട്ടുവെട്ടത്ത്, ജിബി മാടപ്പാട്ട്, ലിജോ പുതിയാമറ്റം, ജോർജ് പുള്ളോച്ചേരിൽ, നോബിൾ ആരംപുളിയ്ക്കൽ, ജോയി കളരിയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു. ട്രാൻസ്‌ഫോർമർ സമയബന്ധിതമായി സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ എക്സിക്യൂട്ടിവ് എൻജിനീയർ മാത്തുക്കുട്ടി ജോർജ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ജി.എസ്. ബിബിൻ എന്നിവരെയും വൈദ്യുതി വകുപ്പ് ജീവനക്കാരെയും നാട്ടുകാർ അനുമോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *