അലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പില്‍ വയലാര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ ട്രാന്‍സ് വുമണ്‍ അരുണിമയുടെ സ്ഥാനാര്‍ഥിത്വം ജില്ലാ വരണാധികാരി അംഗീകരിച്ചു. ഇതോടെ വനിതാ സംവരണ സീറ്റില്‍ മത്സരിക്കുന്നതിനുള്ള പ്രതിബന്ധങ്ങള്‍ അരുണിമ എം. കുറുപ്പിനു നീങ്ങിക്കിട്ടി. കെഎസ്യു ജനറല്‍ സെക്രട്ടറിയും ട്രാന്സ്ജന്ഡര് സംസ്ഥാന കോണ്‍ഗ്രസ് രക്ഷാധികാരിയുമാണ് അരുണിമ.
അരുണിമയുടെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് പലവിധത്തിലുള്ള പ്രചാരണങ്ങളാണ് പുറത്തു വന്നിരുന്നത്. രേഖകളിലെല്ലാം സ്ത്രീ എന്നു തന്നെയായിരുന്നു ഇവര്‍ രേഖപ്പെടുത്തിയിരുന്നത്. ഇതാണ് അരുണിമയ്ക്കു തുണയായി മാറിയതും. ആലപ്പുഴ ജില്ലാ പഞ്ചായത്തിനു കീഴിലെ വനിതാ സംവരണ സീറ്റാണ് വയലാറിലേത്. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ പോത്തന്‍കോട് ഡിവിഷനിലും ഒരു ട്രാന്സ്വുമണിനെ തന്നെയാണ് കോണ്‍ഗ്രസ് സ്ഥാനാര്ഥിയാക്കിയിരുന്നത്. അവിടെ മത്സരിക്കുന്ന അമേയ പ്രസാദിന്റെ സ്ഥാനാര്‍ഥിത്വവും അംഗീകരിച്ചിട്ടുണ്ട്.

