സിഡ്‌നി: ഓസ്‌ട്രേലിയയിൽ ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ ന്യൂ സൗത്ത് വെയ്‌ൽസിലെ (NSW) പൊതുഗതാഗത നിരക്കുകൾ പൂർണ്ണമായും ഒഴിവാക്കണമെന്ന ആവശ്യവുമായി ട്രാൻസ്‌പോർട്ട് യൂണിയനുകൾ രംഗത്ത്. ഡീസൽ വില ലിറ്ററിന് 3 ഡോളറിന് മുകളിൽ എത്തിയതോടെ ഭൂരിഭാഗം ജനങ്ങളും സ്വകാര്യ വാഹനങ്ങൾ ഉപേക്ഷിച്ച് പൊതുഗതാഗതത്തെ ആശ്രയിക്കാൻ തുടങ്ങിയതാണ് ഇത്തരമൊരു ആവശ്യത്തിന് പിന്നിൽ.
വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് കണക്കിലെടുത്ത് യാത്രാനിരക്ക് താൽക്കാലികമായി സൗജന്യമാക്കുകയോ അല്ലെങ്കിൽ ക്വീൻസ്‌ലൻഡിലേതുപോലെ 50 സെന്റായി കുറയ്ക്കുകയോ വേണമെന്ന് റെയിൽ, ട്രാം ആൻഡ് ബസ് യൂണിയൻ (RTBU) എൻ.എസ്.ഡബ്ല്യു ബ്രാഞ്ച് സെക്രട്ടറി ടോബി വാർണസ് ആവശ്യപ്പെട്ടു. “ജനങ്ങളെ കാറുകളിൽ നിന്ന് മാറ്റി പൊതുഗതാഗതത്തിലേക്ക് കൊണ്ടുവരുന്നതിലൂടെ ഇന്ധനം ലാഭിക്കാനും അവർക്ക് സാമ്പത്തിക ആശ്വാസം നൽകാനും സാധിക്കും,” അദ്ദേഹം സിഡ്‌നിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിലവിൽ സിഡ്‌നിയിൽ മുതിർന്നവർക്ക് പ്രതിദിനം 19.30 ഡോളർ വരെ യാത്രാനിരക്ക് വരുന്നുണ്ട്.
എന്നാൽ ഈ നിർദ്ദേശത്തെ ഗതാഗത മന്ത്രി ജോൺ ഗ്രഹാം തള്ളി. സിഡ്‌നിയിലെ പൊതുഗതാഗത നിരക്കുകൾ നിലവിൽ ന്യായമാണെന്നും ഇന്ധനവില വർദ്ധനവിൽ ആശങ്കയുള്ളവർക്ക് പൊതുഗതാഗതം മികച്ചൊരു ബദലാണെന്നും അദ്ദേഹം പ്രതികരിച്ചു. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളെത്തുടർന്ന് ഇന്ധനവില വർദ്ധിച്ചതോടെ, ഒരു ടാങ്ക് പെട്രോളിന് ശരാശരി 30 ഡോളറും ഡീസലിന് 70 ഡോളറും അധികം നൽകേണ്ട അവസ്ഥയിലാണ് ഓസ്‌ട്രേലിയയിലെ വാഹന ഉടമകൾ.

