ന്യൂഡല്‍ഹി: ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജോര്‍ദാനിലെത്തി. തലസ്ഥാനമായ അമ്മാനില്‍ എത്തിയ മോദിയെ ജോര്‍ദാന്‍ പ്രധാനമന്ത്രി ജാഫര്‍ ഹസ്സന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് മോദിയുടെ ജോര്‍ദാന്‍ സന്ദര്‍ശനം. ഈ സന്ദര്‍ശനം രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജോര്‍ദാന്‍ രാജാവായ അബ്ദുല്ല രണ്ടാമന്‍ ഇബ്‌നു അല്‍ ഹുസൈന്റെ ക്ഷണപ്രകാരമാണ് മോദി ജോര്‍ദാനിലെത്തിയത്. ഡിസംബര്‍ 15 മുതല്‍ 16 വരെ മോദി ജോര്‍ദാനില്‍ ഉണ്ടാകും. ജോര്‍ദാനിലെ ഇന്ത്യന്‍ പ്രവാസികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
വിദേശ സന്ദര്‍ശനത്തിന്റെ രണ്ടാം ഘട്ടത്തില്‍, നരേന്ദ്ര മോദി ഡിസംബര്‍ 16 മുതല്‍ 17 വരെ ഇത്യോപ്യയും സന്ദര്‍ശിക്കും. ഇത് ആദ്യമായാണ് മോദി ഇത്യോപ്യയില്‍ എത്തുന്നത്. ഇത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് അലിയുമായി മോദി വിശദമായ ചര്‍ച്ച നടത്തും. പര്യടനത്തിന്റെ അവസാന ഘട്ടത്തില്‍ മോദി ഒമാനിലും സന്ദര്‍ശനം നടത്തും. സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്കിന്റെ ക്ഷണപ്രകാരം, ഡിസംബര്‍ 17 മുതല്‍ 18 വരെയാണ് മോദിയുടെ ഒമാന്‍ സന്ദര്‍ശനം. ഇത് രണ്ടാം തവണയാണ് മോദി ഒമാനിലെത്തുന്നത്.

