സിഡ്‌നിയിൽ ട്രക്ക് പാഞ്ഞുകയറി അപകടം: കുട്ടിയുൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്; പ്രദേശം യുദ്ധക്കളമായി

സിഡ്‌നി: സിഡ്‌നിയിലെ ലകെംബയിൽ നിർമ്മാണ മേഖലയിൽ ഉപയോഗിക്കുന്ന ട്രക്ക് നിരവധി വാഹനങ്ങളിലേക്ക് പാഞ്ഞുകയറി അപകടം സൃഷ്ടിച്ചു. തിങ്കളാഴ്ച വൈകുന്നേരം 5.30-ഓടെ നടന്ന സംഭവത്തിൽ ഒരു കുട്ടിയുൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. അപകടമുണ്ടാക്കിയ ട്രക്ക് പിന്നീട് ഒരു മരത്തിലിടിച്ചാണ് നിന്നത്.

ലകെംബയിലെ ജൂനോ പരേഡിനും പഞ്ച്ബൗൾ റോഡിനും ഇടയിലുള്ള കവലയിലാണ് സംഭവങ്ങളുടെ തുടക്കം. ഒരു നിസാൻ കൺസ്ട്രക്ഷൻ ട്രക്ക് ആദ്യം ഒരു കാറിനെ ഇടിച്ചുതെറിപ്പിച്ചു. നിർത്താതെ പോയ ട്രക്ക് സീമോർ പരേഡിലെത്തിയപ്പോൾ മറ്റ് പല വാഹനങ്ങളിലും ഇടിച്ചു. അപകടത്തിന്റെ ആഘാതത്തിൽ ഒരു കാറിലെ യാത്രക്കാരൻ പുറത്തേക്ക് തെറിച്ചുവീണു. ഇദ്ദേഹത്തിന് നിസ്സാര പരിക്കുകളാണുള്ളത്.

തുടർന്ന് ബെൽഫീൽഡിലെ കാർട്ടർ സ്ട്രീറ്റിൽ ഒരു മരത്തിലേക്ക് ട്രക്ക് ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റ മൂന്ന് പേരെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 39 വയസ്സുള്ള ട്രക്ക് ഡ്രൈവറെയും നിസ്സാര പരിക്കുകളോടെ സെന്റ് ജോർജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തെ നിർബന്ധിത വൈദ്യപരിശോധനയ്ക്ക് വിധേയനാക്കും.

പ്രദേശത്തെ അമിത വേഗതയ്ക്കെതിരെ തങ്ങൾ നൽകിയ പരാതികൾ അധികൃതർ അവഗണിച്ചതാണ് ഇത്തരമൊരു ദുരന്തത്തിന് വഴിവെച്ചതെന്ന് നാട്ടുകാർ ആരോപിക്കുന്നു.

“ഇതൊരു റേസിംഗ് ട്രാക്ക് പോലെയാണ്. രണ്ട് ചൈൽഡ് കെയറുകളും ഒരു നഴ്സിംഗ് ഹോമും ഇവിടെയുണ്ട്. എപ്പോൾ വേണമെങ്കിലും വലിയൊരു ദുരന്തം ഇവിടെ പ്രതീക്ഷിക്കാം. നിയമം നടപ്പിലാക്കാൻ പോലീസും കൗൺസിലും തയ്യാറാകണം,” നാട്ടുകാരനായ നിക്ക് സബ പറഞ്ഞു.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശം നിലവിൽ പോലീസിന്റെ നിയന്ത്രണത്തിലാണ്. ഗതാഗത തടസ്സം ഒഴിവാക്കാൻ വാഹനങ്ങൾ വഴിതിരിച്ചുവിട്ടിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *