വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതി റയാൻ റൂത്തിന് (Ryan Routh) യുഎസ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. പരോളില്ലാത്ത ജീവപര്യന്തം തടവിന് പുറമെ, തോക്ക് കൈവശം വെച്ച കുറ്റത്തിന് ഏഴ് വർഷം അധിക തടവും കോടതി വിധിച്ചിട്ടുണ്ട്. യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ഐലീൻ കാനൻ ആണ് ഇന്നലെ (ഫെബ്രുവരി 4) ഫ്ലോറിഡയിലെ ഫെഡറൽ കോടതിയിൽ വിധി പ്രഖ്യാപിച്ചത്.
2024 സെപ്റ്റംബറിൽ ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിലുള്ള ട്രംപ് ഇന്റർനാഷണൽ ഗോൾഫ് ക്ലബ്ബിൽ വെച്ചായിരുന്നു റൂത്ത് വധശ്രമം നടത്തിയത്. ഗോൾഫ് കളിക്കുകയായിരുന്ന ട്രംപിനെ ലക്ഷ്യമിട്ട് തോക്കുമായി പത്തു മണിക്കൂറോളം കുറ്റിച്ചെടികൾക്കിടയിൽ ഒളിച്ചിരുന്ന റൂത്തിനെ സീക്രട്ട് സർവീസ് ഏജന്റുമാരാണ് കണ്ടെത്തിയത്. തുടർന്ന് ഇയാൾ തോക്കുപേക്ഷിച്ച് രക്ഷപ്പെട്ടെങ്കിലും ഉടൻ തന്നെ പിടിയിലാവുകയായിരുന്നു.
പ്രതിക്ക് യാതൊരുവിധ പശ്ചാത്താപവുമില്ലെന്നും ഇയാൾ സമൂഹത്തിന് വലിയ ഭീഷണിയാണെന്നും കോടതി നിരീക്ഷിച്ചു. വിധി പ്രഖ്യാപനത്തിന് പിന്നാലെ കോടതി മുറിയിൽ വെച്ച് പേന ഉപയോഗിച്ച് സ്വയം കുത്തി പരിക്കേൽപ്പിക്കാൻ റൂത്ത് ശ്രമിച്ചത് ചെറിയ തോതിൽ പരിഭ്രാന്തി പരത്തിയിരുന്നു. ട്രംപിനെ വധിക്കാൻ തനിക്ക് ഉദ്ദേശമില്ലായിരുന്നുവെന്നും ജയിലിൽ മാനസിക ചികിത്സയ്ക്ക് തയ്യാറാണെന്നും റൂത്ത് കോടതിയിൽ വാദിച്ചെങ്കിലും ജഡ്ജി ഇത് തള്ളിക്കളഞ്ഞു. ജനാധിപത്യ സംവിധാനത്തിന് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണിതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. 2024 ജൂലൈയിൽ പെൻസിൽവേനിയയിൽ വെച്ച് നടന്ന വെടിവെപ്പിന് ശേഷം ട്രംപിന് നേരെ നടന്ന രണ്ടാമത്തെ വധശ്രമമായിരുന്നു ഇത്

