വാഷിംഗ്ടൺ ഡി.സി : അമേരിക്കൻ പ്രസിഡന്റ് പദവിയുടെ അധികാര പരിധിയെക്കുറിച്ചുള്ള യുഎസ് സുപ്രീം കോടതിയുടെ കടുത്ത വിമർശനങ്ങളെയും വിധിയെയും തള്ളിക്കൊണ്ട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതിയ നീക്കം നടത്തി. കോടതി വിധി വന്ന് മണിക്കൂറുകൾക്കകം, വിദേശ രാജ്യങ്ങളിൽ നിന്നുള്ള എല്ലാ ഇറക്കുമതികൾക്കും പത്ത് ശതമാനം ആഗോള നികുതി ഏർപ്പെടുത്തിക്കൊണ്ടുള്ള പുതിയ ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചു.
പ്രസിഡന്റിന്റെ അടിയന്തരാധികാരം ഉപയോഗിച്ച് നികുതി ചുമത്തുന്നത് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി 6-3 ഭൂരിപക്ഷത്തിൽ വിധിച്ചിരുന്നു. നികുതി തീരുമാനിക്കാനുള്ള അധികാരം ജനപ്രതിനിധി സഭയ്ക്കാണ് (Congress) എന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
കോടതി വിധിയെ ‘അസംബന്ധം’ എന്ന് വിശേഷിപ്പിച്ച ട്രംപ്, ഭരണഘടനയിലെ മറ്റൊരു നിയമപ്പഴുത് ഉപയോഗിച്ചാണ് കോടതിയെ വെല്ലുവിളിച്ചിരിക്കുന്നത്. കോടതി റദ്ദാക്കിയ പഴയ നിയമത്തിന് പകരം, 1974-ലെ ട്രേഡ് ആക്റ്റിലെ സെക്ഷൻ 122 ആണ് ട്രംപ് ഇപ്പോൾ ഉപയോഗിച്ചിരിക്കുന്നത്. രാജ്യത്തിന്റെ വ്യാപാരക്കമ്മി പരിഹരിക്കാൻ 150 ദിവസത്തേക്ക് 15% വരെ നികുതി ചുമത്താൻ ഈ നിയമം പ്രസിഡന്റിന് അധികാരം നൽകുന്നുണ്ട്.

