ഗാസ സമാധാന ബോർഡ്; ഇന്ത്യയെ ക്ഷണിച്ച് ട്രംപ്

വാഷിങ്ടൺ: ഇസ്രായേൽ-ഹമാസ് യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടമെന്ന നിലയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച ‘ഗാസ ബോർഡ് ഓഫ് പീസിൽ’ ചേരാൻ ഇന്ത്യയ്ക്ക് ക്ഷണം. നിലവിലെ ആഗോള ഭൗമരാഷ്ട്രീയ സാഹചര്യത്തിൽ ഇന്ത്യയുടെ നിർണ്ണായക പങ്കും പ്രാധാന്യവും വ്യക്തമാക്കുന്നതാണ് ഈ നീക്കം.

ഒക്ടോബർ 10-ന് നിലവിൽ വന്ന വെടിനിർത്തൽ കരാറിന് പിന്നാലെ ഗാസയിലെ സമാധാന പ്രവർത്തനങ്ങൾ മേൽനോട്ടം വഹിക്കുന്നതിനാണ് ഈ ബോർഡ് രൂപീകരിച്ചിരിക്കുന്നത്. യുഎസ് പിന്തുണയുള്ള 20 ഇന സമാധാന പദ്ധതിയുടെ ഭാഗമാണിത്. ഗാസയിൽ പുതിയ പലസ്തീൻ കമ്മിറ്റി സ്ഥാപിക്കുന്നതിന് മേൽനോട്ടം വഹിക്കുക, മേഖലയിൽ അന്താരാഷ്ട്ര സുരക്ഷാ സേനയെ വിന്യസിക്കുക, ഹമാസിനെ നിരായുധീകരിക്കുക, യുദ്ധത്തിൽ തകർന്നടിഞ്ഞ ഗാസയുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക മുതലായവയുടെ മേൽനോട്ടമാണ് ബോർഡ് ലക്ഷ്യമിടുന്നതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ സൂചന നൽകുന്നു.

ഈ ബോർഡിൽ സ്ഥിര അംഗത്വം നേടുന്നതിന് 100 കോടി ഡോളർ (90,70,95,00,000 ഇന്ത്യൻ രൂപ) സംഭാവന നൽകണമെന്ന് അമേരിക്കൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഇത്തരത്തിൽ സമാഹരിക്കുന്ന തുക ഗാസയുടെ പുനർനിർമ്മാണത്തിനായി മാറ്റിവെക്കും. എന്നാൽ മൂന്ന് വർഷത്തെ താൽക്കാലിക അംഗത്വത്തിന് സാമ്പത്തിക നിബന്ധനകൾ ഒന്നുമില്ല. ഇന്ത്യയെ കൂടാതെ ജോർദാൻ, ഗ്രീസ്, സൈപ്രസ്, പാകിസ്ഥാൻ, കാനഡ, തുർക്കി, ഈജിപ്ത് തുടങ്ങിയ നിരവധി രാജ്യങ്ങളെ ബോർഡിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അംഗങ്ങളുടെ അന്തിമ പട്ടിക സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ വച്ച് പ്രഖ്യാപിച്ചേക്കും.

അമേരിക്കയുടെ ഈ നീക്കത്തെ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ഇസ്രായേൽ പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചു. ബോർഡ് രൂപീകരണം ഇസ്രായേലുമായി കൂടിയാലോചിച്ചിട്ടില്ലെന്നും ഇത് രാജ്യത്തിന്റെ നയങ്ങൾക്ക് വിരുദ്ധമാണെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *