ജിദ്ദ: സൗദി അറേബ്യയുടെ കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനെ വരവേല്‍ക്കാന്‍ വൈറ്റ്ഹൗസ് തയ്യാറെടുക്കുന്നതിനിടെ ആയുധ കൈമാറ്റത്തിന്റെ സൂചനകള്‍ നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ലോകത്തിലെ പ്രമുഖ ആയുധ നിര്‍മാണ കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിന്‍ നിര്‍മിക്കുന്ന എഫ് 35 സ്റ്റെല്‍ത്ത് ഫൈറ്റര്‍ ജെറ്റുകള്‍ സൗദി അറേബ്യയ്ക്ക് നല്‍കുന്നതിനുള്ള സാധ്യതകള്‍ യുഎസ് പരിഗണിച്ചു വരികയാണെന്ന് പ്രസിഡന്റ് ട്രംപ്.
എഫ് 35 സ്റ്റെല്‍ത്ത് ഫൈറ്ററുകള്‍ അമേരിക്കയില്‍ നിന്നു ലഭിക്കുന്നതിനായി സൗദി കുറേക്കാലമായി ശ്രമിച്ചു വരികയായിരുന്നു. ഇസ്രയേലുമായുള്ള തന്ത്രപ്രധാനമായ ബന്ധത്തിന്റെ പേരില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാത്ത നിലപാടിലായിരുന്ന ട്രംപ് ഇപ്പോള്‍ തീരുമാനം മാറ്റുന്നതിനെക്കുറിച്ചുള്ള ആലോചനയിലാണ്. സൗദിക്ക് അമേരിക്കയുടെ കൈവശമുള്ള എഫ് 35ല്‍ താല്‍പര്യമുള്ള കാര്യം അവര്‍ പറഞ്ഞുവരികയാണെന്നും അത് നല്‍കുന്നതിനെക്കുറിച്ച് താനും ആലോചിക്കുകയാണെന്നുമാണ് ഔദ്യോഗിക വിമാനമായ എയര്‍ഫോഴ്‌സ് വണ്ണില്‍ അനുവദിച്ച മാധ്യമ സമ്മേളനത്തില്‍ ട്രംപ് വെളിപ്പെടുത്തിയത്. സൗദി കിരീടാവകാശി മുഹമ്മദ് ബില്‍ സല്‍മാന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള സൈനിക സഹകരണത്തിന്റെ കരാര്‍ ഒപ്പിടുമെന്നും സൂചനയുണ്ട്.
പാലസ്തീന്‍ വിഷയത്തില്‍ ദ്വിരാഷ്ട്ര പരിഹാരം ഉണ്ടായതിനു ശേഷം മാത്രം അമേരിക്കയുമായുള്ള സൈനിക സഹകരണം മതിയെന്ന നിലപാടില്‍ നിന്നു സൗദിയും മാറിചിന്തിക്കുകയാണിപ്പോള്‍. ഇസ്രയേലുമായും അമേരിക്കയുമായും പരസ്പര സഹകരണം സൗദിയും ലക്ഷ്യം വയ്ക്കുന്നുവെന്നാണ് സൂചനകള്‍.

