ഇറാന് വിഷയത്തില്‍ കടുത്ത നിലപാടുകളും മുന്നറിയിപ്പുകളും അറിയിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാന് ഭരണകൂടം സമാധാനപരമായ പ്രതിഷേധക്കാരെ കൊല്ലുന്നത് തുടര്‍ന്നാല്‍ അമേരിക്കന്‍ സൈന്യം ഇടപെടാന്‍ സജ്ജമാണെന്ന് ട്രംപ് മുന്നറിയിപ്പ് നല്കി.’ ഇറാനിലെ പ്രക്ഷോഭകാരികളോട് പ്രതിഷേധം തുടരാന്‍ ആഹ്വാനം ചെയ്ത ട്രംപ്, ‘സഹായം ഉടന്‍ എത്തും’ എന്ന് ഉറപ്പുനല്‍കി.ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ (Truth Social) പ്ലാറ്റ്ഫോമിലൂടെയാണ് ലോകരാജ്യങ്ങളെ ഞെട്ടിച്ച ഈ പ്രഖ്യാപനം നടത്തിയത്
അതേ സമയം ഇറാനുമായി ഏതെങ്കിലും തരത്തില്‍ വ്യാപാര ബന്ധം പുലര്‍ത്തുന്ന എല്ലാ രാജ്യങ്ങള്‍ക്കും അമേരിക്കയിലേക്കുള്ള കയറ്റുമതിയില്‍ 25 ശതമാനം അധിക നികുതി ഏര്‍പ്പെടുത്തി.ഈ ഉത്തരവ് ഉടനടി നിലവില്‍ വരുമെന്നും ഇത് അന്തിമമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാനെ സാമ്പത്തികമായി പൂര്‍ണ്ണമായും ഒറ്റപ്പെടുത്തുക, പ്രതിഷേധക്കാരെ അടിച്ചമര്‍ത്തുന്ന ഇറാന് പിന്തുണ നല്കുന്ന രാജ്യങ്ങളെ പിന്തിരിപ്പിക്കുക എന്നതാണ് ഇതിലൂടെ ട്രംപ് ലക്ഷ്യമിടുന്നത്. ഇത് ചൈന, ഇന്ത്യ, തുര്‍ക്കി, യുഎഇ തുടങ്ങിയ രാജ്യങ്ങളെ സാരമായി ബാധിച്ചേക്കാം.ഇറാനിലെ സൈനിക താവളങ്ങളും ഐആര്‍ജിസി (IRGC) കേന്ദ്രങ്ങളും ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്താനുള്ള പദ്ധതികള്‍ വൈറ്റ് ഹൗസ് ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.അമേരിക്കന്‍ താവളങ്ങള്‍ക്കോ താല്‍പ്പര്യങ്ങള്‍ക്കോ എതിരെ ഇറാന് നീങ്ങിയാല്‍, ‘ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള പ്രഹരം’ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ഇറാനിലെ ഇന്റര്‍നെറ്റ് വിച്ഛേദനം മറികടക്കാന്‍ ഇലോണ്‍ മസ്കുമായി ചേര്‍ന്ന് സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

