വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര നയങ്ങൾക്ക് വൻ തിരിച്ചടിയായി, വിവിധ കമ്പനികളിൽ നിന്ന് ഈടാക്കിയ ശതകോടിക്കണക്കിന് ഡോളറിന്റെ ഇറക്കുമതി തീരുവകൾ തിരികെ നൽകാൻ യുഎസ് കോടതി ഉത്തരവിട്ടു. ന്യൂയോർക്കിലെ യുഎസ് കോർട്ട് ഓഫ് ഇന്റർനാഷണൽ ട്രേഡ് ആണ് ബുധനാഴ്ച ഈ നിർണായക വിധി പുറപ്പെടുവിച്ചത്.
1977-ലെ ‘ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട്’ (IEEPA) പ്രകാരം ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ അധിക തീരുവകൾ ഭരണഘടനാ വിരുദ്ധമാണെന്ന് കഴിഞ്ഞ മാസം (ഫെബ്രുവരി 20) യുഎസ് സുപ്രീം കോടതി വിധിച്ചിരുന്നു. നികുതിയും തീരുവകളും നിശ്ചയിക്കാനുള്ള അധികാരം പാർലമെന്റിനാണെന്നും (Congress) പ്രസിഡന്റിന് ഏകപക്ഷീയമായി ഇത് ചെയ്യാനാവില്ലെന്നുമാണ് സുപ്രീം കോടതി നിരീക്ഷിച്ചത്. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ തുക തിരികെ നൽകാനുള്ള (Refund) ഉത്തരവ് വന്നിരിക്കുന്നത്.ഇറക്കുമതി തീരുവ അടച്ച എല്ലാ കമ്പനികൾക്കും ഈ റീഫണ്ടിന് അർഹതയുണ്ടെന്ന് ജഡ്ജി റിച്ചാർഡ് ഈറ്റൺ വ്യക്തമാക്കി.
ഏകദേശം 175 ബില്യൺ ഡോളർ (ഏകദേശം 14.5 ലക്ഷം കോടി രൂപ) സർക്കാരിന് റീഫണ്ട് ഇനത്തിൽ നൽകേണ്ടി വരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടൽ. ഡിസംബർ പകുതി വരെ മാത്രം 130 ബില്യൺ ഡോളറിലധികം സർക്കാർ ഇത്തരത്തിൽ ശേഖരിച്ചിട്ടുണ്ട്.

