തീരുവയിൽ ട്രംപിന് കനത്ത പ്രഹരം; പിന്നിൽ ഇന്ത്യൻ വംശജനായ അഭിഭാഷകൻ നീൽ കത്യാൽ

ന്യൂയോർക്ക്: വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ വൻ തീരുവകൾ നിയമവിരുദ്ധമാണെന്ന് വിധിച്ച് യുഎസ് സുപ്രീം കോടതി. ഈ ചരിത്രവിജയത്തിന് പിന്നിൽ ഇന്ത്യൻ വംശജനായ പ്രമുഖ അഭിഭാഷകൻ നീൽ കത്യാലാണ്.

അമേരിക്കയിലെ ചെറുകിട വ്യവസായങ്ങൾക്കായി നീൽ കത്യാൽ നടത്തിയ നിയമപോരാട്ടത്തിനൊടുവിൽ 6-3 ഭൂരിപക്ഷത്തിലാണ് കോടതി വിധി പ്രസ്താവിച്ചത്. ട്രംപിന്റെ നടപടികൾ അന്യായമാണെന്ന് കോടതി നിരീക്ഷിച്ചു.

ട്രംപ് ഇറക്കുമതി തീരുവ 10 ശതമാനത്തിൽ നിന്ന് 15 ശതമാനമായി വർദ്ധിപ്പിച്ചിരുന്നു. ഇത് അമേരിക്കൻ വിപണിയിലും ആഗോള തലത്തിലും വലിയ ആശങ്കയുണ്ടാക്കിയിരുന്നു. ചെറുകിട വ്യാപാരികളുടെ താത്പര്യം സംരക്ഷിക്കാനാണ് നീൽ കത്യാൽ കോടതിയെ സമീപിച്ചത്.

പഞ്ചാബിൽ നിന്നുള്ള കുടിയേറ്റക്കാരുടെ മകനായി 1970-ൽ ഷിക്കാഗോയിൽ ജനിച്ച നീൽ, മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ കാലത്ത് ആക്ടിങ് സോളിസിറ്റർ ജനറലായിരുന്നു. നിലവിൽ മിൽബാങ്ക് എൽഎൽപിയിലെ പാർട്ണറാണ് അദ്ദേഹം. 54-ഓളം കേസുകൾ അദ്ദേഹം സുപ്രീം കോടതിയിൽ വാദിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *