പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിശ്വസ്തനും അദ്ദേഹത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയുമാണ് അമേരിക്കന്‍ അംബാസഡറായി ചുമതലയേറ്റ 39-കാരനായ സെര്‍ജിയോ ഗോര്‍. ന്യൂഡല്‍ഹിയിലെ യുഎസ് എംബസിയില്‍ നടന്ന ചടങ്ങില്‍ ഔദ്യോഗികമായി ചുമതലയേറ്റു.ഇന്ത്യ-യുഎസ് ബന്ധത്തിലെ വളരെ നിര്‍ണ്ണായകമായ ഒരു ഘട്ടത്തിലാണ് അദ്ദേഹത്തിന്റെ ഈ നിയമനം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ട്രംപും തമ്മിലുള്ള വ്യക്തിപരമായ സൗഹൃദം അതിശക്തമാണെന്നും, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും നിര്‍ണ്ണായകമായ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.ചുമതലയേറ്റ ശേഷം നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു
നിലവില്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി നിര്‍ണ്ണായക ചര്‍ച്ചകള്‍ നടക്കുകയാണ്. ഇതിന്റെ ഭാഗമായി ജനുവരി 13-ന് (ഇന്ന്) ഇരുരാജ്യങ്ങളിലെയും പ്രതിനിധികള്‍ തമ്മില്‍ ആദ്യഘട്ട ഫോണ്‍ ചര്‍ച്ചകള്‍ നടക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ആഗോള തലത്തില്‍ സിലിക്കണ്‍, സെമികണ്ടക്ടര്‍ മേഖലകളില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ‘പാക്‌സ് സിലിക്ക’ എന്ന തന്ത്രപ്രധാന സഖ്യത്തിലേക്ക് ഇന്ത്യയെ ക്ഷണിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.പ്രസിഡന്റ് ട്രംപ് വരും വര്‍ഷങ്ങളില്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന സൂചനയും അംബാസഡര്‍ നല്‍കി.
റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് മേല്‍ അമേരിക്ക 500% വരെ ടാരിഫ് (നികുതി) ചുമത്തിയേക്കുമെന്ന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സെര്‍ജിയോ ഗോറിന്റെ വരവ്. ട്രംപുമായി നേരിട്ട് ആശയവിനിമയം നടത്താന്‍ ശേഷിയുള്ള ഒരാള്‍ അംബാസഡറായി എത്തിയത് ഈ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

