ന്യൂഡൽഹി: അടുത്തയാഴ്ച യാഥാർഥ്യമാകുന്ന ഇന്ത്യ- യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉയർത്തുന്ന തീരുവ ഭീഷണി അടക്കമുള്ള വെല്ലുവിളികൾക്കും സമ്മർദങ്ങൾക്കുമുള്ള ഇന്ത്യയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും മറുപടിയാകും. കഴിഞ്ഞ ഫെബ്രുവരിയിൽ ചർച്ചകൾ ആരംഭിച്ച ഇന്ത്യ- അമേരിക്ക സ്വതന്ത്ര വ്യാപാര കരാർ വഴിമുട്ടി നിൽക്കുകയുമാണ്.
ഇന്ത്യക്കെതിരായ തീരുവ മുതൽ ഗ്രീൻലാൻഡ് പിടിച്ചെടുക്കാനുള്ള ട്രംപിന്റെ നടപടികളാണ് ഇന്ത്യ- ഇയു കരാർ വേഗത്തിലാക്കിയത്. ഇന്ത്യയിൽനിന്നുള്ള എല്ലാ ഇറക്കുമതികൾക്കും 50 ശതമാനം തീരുവ ചുമത്തുകയും യൂറോപ്യൻ യൂണിയൻ ഇറക്കുമതികൾക്ക് 20 ശതമാനം അടിസ്ഥാന തീരുവ ചുമത്തുകയും ചെയ്തിരുന്നു.
ചൈനയുടെ വെല്ലുവിളിയും പ്രധാന ഘടകമായിരുന്നു. ഉത്പാദനമേഖലകളിലെ ചൈനയുടെ ആധിപത്യത്തെക്കുറിച്ച് ഇയു കൂടുതൽ ആശങ്കാകുലരാണ്. ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ വരുന്ന സ്വതന്ത്ര വ്യാപാര കരാർ വൻകിട വ്യവസായങ്ങൾക്ക് കരുത്തേകും. എന്നാൽ കൃഷി, പാൽ ഉത്പന്നങ്ങൾ തുടങ്ങിയവയിൽ ഇന്ത്യക്കു ഭീഷണിയുണ്ട്. കേരളത്തിലെ കർഷകർക്ക് പ്രത്യേകിച്ചു ക്ഷീര കർഷകർക്ക് കരാർ തിരിച്ചടിയാകുമോയെന്ന ആശങ്കയുണ്ട്. ലോകത്തിലെതന്നെ ഏറ്റവും മികച്ച പാൽ, ചോക്ലേറ്റ്, ബിസ്കറ്റ് നിർമാതാക്കൾ യൂറോപ്യൻ രാജ്യങ്ങളാണ്.
എന്നാൽ ഫാർമസ്യൂട്ടിക്കൽസ്, എൻജിനിയറിംഗ് സാധനങ്ങൾ, ഓട്ടോമോട്ടീവ് ഘടകങ്ങൾ, ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിലെ കയറ്റുമതി വർധിപ്പിക്കുന്നത് ഇന്ത്യക്കു നേട്ടമാകും. അമേരിക്കൻ തീരുവ ബാധിച്ച തുണിത്തരങ്ങൾ, ആഭരണങ്ങൾ, തുകൽ വസ്തുക്കൾ തുടങ്ങിയവയ്ക്ക് 27 വികസിത രാജ്യങ്ങളിൽ ബദൽ വിപണി തുറക്കും.
ഇന്ത്യൻ ഐടി, സേവന കയറ്റുമതിക്കും വിദഗ്ധ പ്രഫഷണലുകളുടെ കുടിയേറ്റത്തിനും കരാർ സഹായകമാകും. അമേരിക്കയെ ആശ്രയിക്കുന്നത് കുറയുകയും ചെയ്യും. സോളാർ അടക്കം പുനരുപയോഗ ഊർജഘടകങ്ങൾ പോലുള്ള ഇന്ത്യൻ വ്യവസായങ്ങൾക്കും അനുകൂല വിപണി ലഭിക്കും. വിമാനം, ഓട്ടോമൊബൈൽസ്, ഇലക്ട്രിക്കൽ മെഷിനറികൾ, പാനീയങ്ങൾ, കെമിക്കൽസ് തുടങ്ങിയവയുടെ ഇന്ത്യയിലേക്കുള്ള കയറ്റുമതിയാണ് യൂറോപ്യൻ യൂണിയന്റെ ലക്ഷ്യം. വിമാനഭാഗങ്ങൾ, വജ്രങ്ങൾ, ആഡംബരവസ്തുക്കൾ തുടങ്ങിയ ബ്രാൻഡഡ് ഉത്പന്നങ്ങൾക്ക് ഇന്ത്യയിൽ പുതിയ വിപണി കണ്ടെത്താനാകും.

