ദുബായ്: അന്താരാഷ്ട്ര തലത്തിൽ നിലനിൽക്കുന്ന രാഷ്ട്രീയ സംഘർഷങ്ങളെത്തുടർന്ന് ആഗോള വിപണിയിൽ സ്വർണവില കുതിച്ചുയരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനു നൽകിയ കർശനമായ അന്ത്യശാസനമാണ് വിപണിയിലെ ഈ പെട്ടെന്നുള്ള മാറ്റത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ആണവ കരാറുമായി ബന്ധപ്പെട്ട് 15 ദിവസത്തിനകം തീരുമാനമെടുക്കണമെന്നാണ് ട്രംപ് ഇറാന് നൽകിയിരിക്കുന്ന അന്ത്യശാസനം. അല്ലാത്തപക്ഷം പ്രത്യാഘാതങ്ങൾ ഗുരുതരമായിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 5,000 ഡോളറിന് മുകളിലെത്തി. യുഎഇ വിപണിയിൽ 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 602.50 ദിർഹമാണ് ഇന്നത്തെ നിരക്ക്.
ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാകുന്നത് ആഗോള വിപണികളിൽ വലിയ അനിശ്ചിതത്വമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിന്റെ നേരിട്ടുള്ള പ്രതിഫലനമാണ് ഇപ്പോൾ സ്വർണവിലയിൽ പ്രകടമാകുന്നത്.

