കൊൽക്കത്ത: പറന്നുയർന്ന ഉടൻ എഞ്ചിനിൽ തീപ്പൊരി കണ്ടതിനെത്തുടർന്ന് ടർക്കിഷ് എയർലൈൻസ് വിമാനം കൊൽക്കത്ത അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. നേപ്പാളിലെ കാഠ്മണ്ഡുവിൽ നിന്നും ഇസ്താംബൂളിലേക്ക് പുറപ്പെട്ട THY 727 എന്ന എയർബസ് A330-303 വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന 236 യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് വെറും നാല് മിനിറ്റിനുള്ളിൽ തന്നെ വിമാനത്തിന്റെ വലത് എഞ്ചിനിൽ തീപിടുത്തമുണ്ടായതായി പൈലറ്റുമാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ പൈലറ്റുമാർ വിമാനം കാഠ്മണ്ഡുവിന് പടിഞ്ഞാറൻ ദിശയിലേക്ക് തിരിച്ചുവിടുകയും തകരാറിലായ എഞ്ചിൻ ഓഫ് ചെയ്യുകയും ചെയ്തു. തുടർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയ പൈലറ്റുമാർ ഏകദേശം 10 മിനിറ്റോളം ആകാശത്ത് വിമാനം നിയന്ത്രിച്ചു നിർത്തിയ ശേഷമാണ് കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിംഗിന് അനുമതി തേടിയത്.
അടിയന്തര ലാൻഡിംഗിനുള്ള എല്ലാ സുരക്ഷാ സജ്ജീകരണങ്ങളും കൊൽക്കത്ത വിമാനത്താവളത്തിൽ ഒരുക്കിയിരുന്നു. വിമാനം സുരക്ഷിതമായി താഴെയിറക്കിയ ശേഷം യാത്രക്കാരെ ഉടൻ തന്നെ പുറത്തെത്തിച്ചു. എഞ്ചിനിലുണ്ടായ സാങ്കേതിക തകരാറിനെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി വിമാനത്താവള അധികൃതർ വ്യക്തമാക്കി.

