ടി വി അവതാരകയും ഭര്‍ത്താവും വീടിനുള്ളില്‍ വെടിയേറ്റു മരിച്ച നിലയില്‍

അലബാമ: ടിവി അവതാരകയെയും ഭര്‍ത്താവിനെയും വീടിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടറും ടിവി അവതാരകയുമായ ക്രിസ്റ്റീന ചേംബേഴ്‌സിനെയും (30) ഭര്‍ത്താവ് ജോണി റൈംസിനെയും ഹൂവറിലെ വസതിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദമ്പതികളില്‍ ഒരാള്‍ മറ്റൊരാളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതായിട്ടാണ് പൊലീസ് സംശയിക്കുന്നത്. ഇവരുടെ മൂന്ന് വയസ്സുള്ള മകന്‍ കോണ്‍സ്റ്റന്റൈന്‍ സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നെങ്കിലും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ഫോക്‌സ് ന്യൂസ് അഫിലിയേറ്റായ ഡബ്ല്യുബിആര്‍സി 6ലെ പ്രമുഖ റിപ്പോര്‍ട്ടറായിരുന്നു ക്രിസ്റ്റീന. 2015 മുതല്‍ 2021 വരെ ഡബ്ല്യുബിആര്‍സിയില്‍ മുഴുവന്‍ സമയ റിപ്പോര്‍ട്ടറായിരുന്ന ക്രിസ്റ്റീന, പിന്നീട് അധ്യാപന മേഖലയിലേക്ക് മാറിയെങ്കിലും സ്‌പോര്‍ട്‌സിനോടുള്ള താല്‍പര്യം കാരണം ഫ്രീലാന്‍സ് സൈഡ്ലൈന്‍ റിപ്പോര്‍ട്ടറായി തുടര്‍ന്നിരുന്നു.

ഹൈസ്‌കൂള്‍, കോളജ് ഫുട്‌ബോള്‍ മത്സരങ്ങളുടെ റിപ്പോര്‍ട്ടിങ്ങിലൂടെ പ്രാദേശികമായി ശ്രദ്ധനേടിയിരുന്നു. ജോണി റൈംസ് ഏകദേശം 14 വര്‍ഷമായി ഒരു സ്വകാര്യ കമ്പനിയില്‍ ഫിനാന്‍ഷ്യല്‍ അനലിസ്റ്റായി ജോലി ചെയ്തു വരികയായിരുന്നു. ആരാണ് ആദ്യം വെടിയുതിര്‍ത്തതെന്ന കാര്യത്തില്‍ പൊലീസ് ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. കുടുംബാംഗങ്ങളില്‍ ഒരാളാണ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയ വിവരം പൊലീസിനെ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *