ദുബായ് : യുഎഇയുടെയും ഒമാന്റെയും ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് ലഭിച്ച പൊതു അവധി ദിവസങ്ങളില്‍ ദുബായിലെ ഹത്ത അതിര്‍ത്തിയില്‍ യാത്രക്കാരുടെ അസാധാരണമായ തിരക്ക്. നവംബര്‍ 25 മുതല്‍ ഡിസംബര്‍ 2 വരെയുള്ള ദിവസങ്ങളില്‍ 1,45,265 പേരാണ് ഹത്ത അതിര്‍ത്തി വഴി കടന്നുപോയതെന്ന് ദുബായിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആര്‍എഫ്എ) അറിയിച്ചു.
യുഎഇയുടെ 54-ാം ദേശീയ ദിനത്തിന്റെയും ഒമാന്റെ 55-ാം ദേശീയ ദിനത്തിന്റെയും അവധി ദിവസങ്ങള്‍ അടുത്തടുത്ത ദിവസങ്ങളില്‍ വന്നതാണ് അതിര്‍ത്തിയില്‍ യാത്രക്കാരുടെ ഒഴുക്ക് റെക്കോര്‍ഡ് നിലയിലേക്ക് ഉയരാന്‍ പ്രധാന കാരണം.അപ്രതീക്ഷിതമായി വര്‍ധിച്ച ഈ തിരക്ക് ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി ജിഡിആര്‍എഫ്എ നടപ്പാക്കിയ ‘സനദ് ടീം പ്ലാന്‍’ വന്‍ വിജയമായിരുന്നു.
ഉദ്യോഗസ്ഥരെ തന്ത്രപരമായി വിന്യസിച്ചതിലൂടെയും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുമായി ശക്തമായ ഏകോപനം ഉറപ്പാക്കിയതിലൂടെയും യാത്രക്കാര്‍ക്ക് തടസ്സമില്ലാത്ത സേവനം നല്‍കാന്‍ സാധിച്ചുവെന്ന് അധികൃതര്‍ പറഞ്ഞു.തിരക്കേറിയ ദിവസങ്ങളിലുപോലും പൊതുജനങ്ങള്‍ക്ക് മികച്ച സേവനം നല്‍കാനായതില്‍ ഉദ്യോഗസ്ഥരുടെ പ്രഫഷനലിസം നിര്‍ണായകമായിരുന്നുവെന്ന് ജിഡിആര്‍എഫ്എ ദുബായ് തലവന്‍ ലഫ്. ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മറി പറഞ്ഞു.
യാത്രക്കാരുടെ സൗകര്യത്തിനാണ് തങ്ങള്‍ മുന്‍ഗണന നല്‍കിയതെന്നും അതിനായി ആവശ്യമായ എല്ലാ ഒരുക്കങ്ങളും മുന്‍കൂട്ടി ഉറപ്പാക്കിയിരുന്നെന്നും അറിയിച്ചു. അവധി ദിവസങ്ങളില്‍ യാത്രക്കാര്‍ക്ക് ഏറ്റവും മികച്ച സേവനം നല്‍കാനാണ് ശ്രമിച്ചതെന്ന് ലാന്‍ഡ് ആന്‍ഡ് പോര്‍ട്ട് അഫയേഴ്സ് അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സലാ അഹമ്മദ് അല്‍ ഖംസി പറഞ്ഞു. യാത്രക്കാരുടെ എണ്ണത്തിലുണ്ടായ പെട്ടെന്നുള്ള ഉയര്‍ച്ച നേരിടാന്‍ മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതികള്‍ സഹായകമായതിനാല്‍ സേവന നിലവാരത്തെയോ സമയക്രമത്തെയോ ഇത് ബാധിച്ചില്ല.ഏത് തിരക്കുള്ള സാഹചര്യമുണ്ടായാലും അതിനെ നേരിടാന്‍ ദുബായ് സംവിധാനങ്ങള്‍ പൂര്‍ണമായും തയ്യാറാണ്. അതിര്‍ത്തി സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയും സംവിധാനങ്ങള്‍ നവീകരിക്കുകയും ചെയ്യും

