റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്ക മുന്നോട്ടു വച്ച സന്ധി നിര്‍ദേശങ്ങളില്‍ യൂറോപ്യന്‍ രാജ്യങ്ങളുമായി ചര്‍ച്ച

ജനീവ: റഷ്യന്‍ അധിനിവേശം അവസാനിപ്പിക്കാന്‍ യുഎസ് നിര്‍ദേശിച്ച സമാധാന പദ്ധതിയെക്കുറിച്ച് യൂറോപ്യന്‍ രാജ്യങ്ങളുമായി ജനീവയില്‍ യുക്രേയ്ന്‍ ചര്‍ച്ച ആരംഭിച്ചു. ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളുടെ സുരക്ഷാ ഉപദേഷ്ടാക്കളുമായാണ് യുക്രെയ്‌ന്റെ കൂടിയാലോചനകള്‍ പുരോഗമിക്കുന്നത്. നിലവില്‍ അമേരിക്ക മുന്നോട്ടു വച്ചിരിക്കുന്ന സമാധാന നിര്‍ദേശങ്ങള്‍ പൂര്‍ണമായും റഷ്യയ്ക്ക് അനുകൂലമാണെന്ന ആക്ഷേപം ഉന്നയിച്ചുകൊണ്ടു തന്നെയാണ് കൂടിയാലോചനകളിലേക്ക് യുക്രെയ്ന്‍ കടന്നിരിക്കുന്നത്.

യുദ്ധത്തില്‍ യുക്രെയ്‌ന് പൂര്‍ണ പിന്തുണ നല്‍കുന്ന യൂറോപ്യന്‍ രാജ്യങ്ങളാണ് ജര്‍മനിയും ഫ്രാന്‍സും ഇംഗ്ലണ്ടും. അതിനാലാണ് അവരുമായി കൂടിയാലോചനയ്ക്ക് തയാറായിരിക്കുന്നത്. ഇതില്‍ നിന്ന് ഉരുത്തിരിയുന്ന നിര്‍ദേശങ്ങള്‍ മുന്‍നിര്‍ത്തി ഇനി അമേരിക്കയുടെ പ്രതിനിധിയുമായി ചര്‍ച്ച നടക്കും. സന്ധി നിര്‍ദേശങ്ങളില്‍ മാറ്റം വേണമെന്ന് യുക്രെയ്ന്‍ ആദ്യമേ ആവശ്യപ്പെട്ടിരുന്നതാണ്. ഏതൊക്കെ കാര്യങ്ങളിലാണ് മാറ്റം നിര്‍ദേശിക്കേണ്ടത് എന്ന കാര്യത്തിലും യൂറോപ്യന്‍ ചങ്ങാത്ത രാജ്യങ്ങളുമായുള്ള ചര്‍ച്ചയില്‍ തീരുമാനമുണ്ടാക്കും.

നാലു വര്‍ഷത്തോളമായി തുടരുന്ന യുദ്ധം അവസാപ്പിക്കുന്നതിന് 28നിര്‍ദേശങ്ങളാണ് കരടു പദ്ധതിയായി അമേരിക്ക അവതരിപ്പിച്ചിരുന്നത്. ഇതു സംബന്ധിച്ച് എല്ലാ പ്രമുഖ യൂറോപ്യന്‍ രാജ്യങ്ങളും കടുത്ത ആശങ്കയാണ് അറിയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *