റഷ്യയുടെ രണ്ട് എണ്ണക്കപ്പലുകള്‍ യുക്രെയ്ന്‍ തകര്‍ത്തു, കരിങ്കടലില്‍ ഇവയ്‌ക്കെതിരേ സീ ബേബി ഡ്രോണ്‍ ആക്രമണം

മോസ്‌കോ: കരിങ്കടലില്‍ റഷ്യയുടെ എണ്ണ ടാങ്കറുകള്‍ക്കു നേരേ യുക്രെയ്ന്‍ നാവിക സേനയുടെ ഡ്രോണ്‍ ആക്രമണം. തുര്‍ക്കി തീരത്തിനു സമീപമായിരുന്നു സംഭവം. റഷ്യയുടെ ഷാഡോ ഫ്‌ളീറ്റ് ശൃംഘലയില്‍ ഉള്‍പ്പെടുന്ന വിരാട്, കൈറോസ് എന്നീ കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്. പാശ്ചാത്യ ഉപരോധം മറികടന്ന് എണ്ണ കൊണ്ടുപോകാനായി റഷ്യ ഉപയോഗിക്കുന്ന പഴക്കം ചെന്നതും ഉടമസ്ഥാവകാശം വെളിപ്പെടുത്താത്തതുമായ കപ്പലുകളാണ് ഷാഡോ ഫ്‌ളീറ്റ് എന്ന പേരില്‍ അറിയപ്പെടുന്നത്. ആക്രമണ സമയം ഇരു കപ്പലുകളിലും എണ്ണ ഉണ്ടായിരുന്നില്ല. റഷ്യന്‍ തുറമുഖമായ നോവോ റോസിസ്‌കിലേക്ക് നീങ്ങുകയായിരുന്നു ഇവ.

സീ ബേബി എന്നു വിളിക്കപ്പെടുന്ന സമുദ്ര ഡ്രോണുകള്‍ ഉപയോഗിച്ച് യുക്രെയ്ന്‍ നാവിക സേനയും ഇന്റലിജന്‍സ് ഏജന്‍സിയായ എസ്ബിയുവും ചേര്‍ന്നാണ് ആക്രമണം നടത്തിയത്. വെള്ളിയാഴ്ച വൈകുന്നേരവും ഇന്നലെ പുലര്‍ച്ചെയുമായാണ് ഇരു കപ്പലുകളും ആക്രമിക്കപ്പെട്ടത്. രണ്ടു കപ്പലുകളില്‍ നിന്നുമായി 45 ജീവനക്കാരെ തുര്‍ക്കി രക്ഷിച്ചു. കപ്പലുകള്‍ക്ക് ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചുവെന്ന് യുക്രെയ്ന്‍ അവകാശപ്പെട്ടു. സംഭവത്തില്‍ റഷ്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *