കീവ്: റഷ്യയുടെ വ്യോമാക്രമണത്തില്‍ ഒറ്റ രാത്രികൊണ്ട് യുക്രെയ്‌നില്‍ വൈദ്യുതി ഇല്ലാതായത് ആറു ലക്ഷം പേര്‍ക്ക്. അതില്‍ അഞ്ചു ലക്ഷം പേരും തലസ്ഥാന നഗരമായ കീവില്‍ താമസിക്കുന്നവര്‍. ബാക്കി ഒരു ലക്ഷം പേര്‍ നഗരത്തോടു ചേര്‍ന്നുള്ള സമീപ പ്രദേശങ്ങളിലുള്ളവര്‍. യുക്രെയ്ന്‍ ഊര്‍ജ മന്ത്രാലയമാണ് ഈ വിവരം വെളിപ്പെടുത്തിയത്. റഷ്യയുടെ ഭാഗത്തു നിന്നുള്ള മിസൈല്‍, ഡ്രോണ്‍ ആക്രമണമാണ് വൈദ്യുതി വിതരണ സംവിധാനത്തെ അപ്പാടെ തകര്‍ത്തു കളഞ്ഞത്.
കഴിഞ്ഞ ഒരൊറ്റ രാത്രി മാത്രം റഷ്യ 36 മിസൈലുകളും 600 ഡ്രോണുകളുമാണ് യുക്രെയ്‌നെതിരായ യുദ്ധത്തില്‍ ഉപയോഗിച്ചത്. യുക്രെയ്‌ന്റെ അടിസ്ഥാന സൗകര്യങ്ങളെ തകര്‍ക്കുക എന്ന സമീപനമായിരുന്നു ആക്രമണത്തില്‍ റഷ്യയ്ക്കുണ്ടായിരുന്നത്. ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്കയുടെ മുന്‍കൈയില്‍ സമാധാന ശ്രമങ്ങള്‍ നടത്തുകയും സമാധാന നിര്‍ദേശങ്ങളില്‍ മിക്കതിനോടും യുക്രെയ്ന്‍ അനുകൂലമായി പ്രതികരിക്കുകയും ചെയ്തിരിക്കെയാണ് റഷ്യയുടെ ആക്രമണം ശക്തമായിരിക്കുന്നത്.

