കീവ്: ഉക്രെയ്നിലെ ഊർജ്ജ നിലയങ്ങൾക്ക് പിന്നാലെ രാജ്യത്തിന്റെ ജീവരേഖയായ റെയിൽവേ ശൃംഖലയെ തകർക്കാൻ ലക്ഷ്യമിട്ട് റഷ്യ ഡ്രോൺ ആക്രമണങ്ങൾ ശക്തമാക്കുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി റെയിൽവേ ഹബ്ബുകൾ, സ്റ്റേഷനുകൾ, പാതകൾ എന്നിവയ്ക്ക് പുറമെ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളെയും റഷ്യൻ ഡ്രോണുകൾ നേരിട്ട് ലക്ഷ്യമിടുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് സാധാരണക്കാരായ യാത്രക്കാരെയും ചരക്ക് നീക്കത്തെയും ബാധിക്കുന്ന വിധത്തിൽ റെയിൽവേയ്ക്ക് നേരെ റഷ്യ ആക്രമണം കടുപ്പിക്കുന്നത്.
ഏറ്റവും ഒടുവിലായി സുമി മേഖലയിൽ ഒരു ഇലക്ട്രിക് ട്രെയിനിന് നേരെ റഷ്യൻ ഡ്രോൺ പതിച്ച് തീപിടുത്തമുണ്ടായി. കൂടാതെ റെയിൽവേ ട്രാക്കുകൾ അറ്റകുറ്റപ്പണി നടത്താൻ പോയ തൊഴിലാളികളുടെ വാഹനത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ജനുവരി അവസാനം ഖാർകീവ് മേഖലയിൽ ഏകദേശം 200 യാത്രക്കാരുമായി പോയ പാസഞ്ചർ ട്രെയിനിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു. ഈ ശൈത്യകാലത്ത് ഊർജ്ജ പ്രതിസന്ധിക്കൊപ്പം യാത്രാസൗകര്യങ്ങളും തകർത്ത് ജനജീവിതം ദുസ്സഹമാക്കുകയാണ് റഷ്യയുടെ ലക്ഷ്യമെന്ന് ഉക്രേനിയൻ അധികൃതർ കുറ്റപ്പെടുത്തി.
കഴിഞ്ഞ വർഷം മാത്രം 1,195 റെയിൽവേ വിരുദ്ധ ആക്രമണങ്ങളാണ് റഷ്യ നടത്തിയത്. ഇത് യുദ്ധത്തിന്റെ ആദ്യ രണ്ട് വർഷങ്ങളിലെ ആകെ ആക്രമണങ്ങളേക്കാൾ കൂടുതലാണ്. റെയിൽവേ സ്റ്റേഷനുകളെയും ലോക്കോമോട്ടീവ് ഡിപ്പോകളെയും തകർക്കുന്നതിലൂടെ ഉക്രെയ്നിന്റെ പ്രതിരോധ നീക്കങ്ങളെയും കയറ്റുമതിയെയും തടസ്സപ്പെടുത്താനാണ് ക്രെംലിൻ ശ്രമിക്കുന്നത്. ആക്രമണങ്ങൾ വർദ്ധിച്ചതോടെ പലയിടങ്ങളിലും ട്രെയിൻ സർവീസുകൾ റദ്ദാക്കി പകരം ബസ് സർവീസുകൾ ഏർപ്പെടുത്തിയിരിക്കുകയാണ്. റഷ്യയുടെ ഈ നീക്കം സിവിലിയൻ ഇൻഫ്രാസ്ട്രക്ചറിന് നേരെയുള്ള ഭീകരതയാണെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയമുൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകൾ പ്രതികരിച്ചു.

