ഡൽഹി: രാജ്യത്തെ ഇന്റർനെറ്റ് ഉപഭോഗം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ, സാധാരണക്കാർക്ക് ആശ്വാസമായി കേന്ദ്ര സർക്കാരിന്റെ ‘പിഎം വാണി’ (PM-WANI) പദ്ധതി. വെറും അഞ്ച് രൂപയ്ക്ക് അൺലിമിറ്റഡ് അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുന്ന ഈ പദ്ധതി ഗ്രാമപ്രദേശങ്ങളിലും പൊതുയിടങ്ങളിലും ഡിജിറ്റൽ വിപ്ലവത്തിന് വഴിതുറക്കുകയാണ്.
പ്രധാനമന്ത്രി വൈ-ഫൈ ആക്‌സസ് നെറ്റ്‌വർക്ക് ഇന്റർഫേസ് എന്നതാണ് ഇതിന്റെ പൂർണ്ണരൂപം. ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി 2020-ൽ ആരംഭിച്ച ഈ നീക്കം, രാജ്യത്തുടനീളം പബ്ലിക് വൈ-ഫൈ ഹോട്ട്‌സ്‌പോട്ടുകൾ സ്ഥാപിക്കാൻ ലക്ഷ്യമിടുന്നു. 5 രൂപ, 10 രൂപ എന്നിങ്ങനെയുള്ള ചെറുകിട കൂപ്പണുകളിലൂടെ അൺലിമിറ്റഡ് ഡാറ്റ ലഭിക്കും. ചെറിയ കടകൾ നടത്തുന്നവർക്കും സ്വകാര്യ വ്യക്തികൾക്കും പ്രത്യേക ലൈസൻസില്ലാതെ തന്നെ ‘പബ്ലിക് ഡാറ്റ ഓഫീസ്’ തുടങ്ങാനും ഇന്റർനെറ്റ് വിതരണം ചെയ്ത് വരുമാനം കണ്ടെത്താനും സാധിക്കും.
ഉപഭോക്താക്കൾക്ക് ‘PM-WANI’ ആപ്പ് വഴി അടുത്തുള്ള ഹോട്ട്‌സ്‌പോട്ട് കണ്ടെത്തി പ്ലാനുകൾ തിരഞ്ഞെടുക്കാം. പബ്ലിക് ഡാറ്റാ ഓഫീസ്, അഗ്രഗേറ്റർമാർ, ആപ്പ് പ്രൊവൈഡർമാർ എന്നിവരടങ്ങുന്ന സുശക്തമായ ശൃംഖലയിലൂടെയാണ് പദ്ധതി പ്രവർത്തിക്കുന്നത്. ഇത് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം ഗ്രാമങ്ങളിലെ വിദ്യാർത്ഥികൾക്കും ചെറുകിട കച്ചവടക്കാർക്കും വലിയ സഹായമാകും.

