മുംബൈ: വനിതാ പ്രീമിയര്‍ ലീഗില്‍ യുപി വാരിയേഴ്സിന് തുടർച്ചയായ രണ്ടാം വിജയം. മുംബൈ ഇന്ത്യൻസിനെ 22 റൺസിനാണ് യുപി വാരിയേഴ്സ് മുട്ടുകുത്തിച്ചത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത യുപി നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്തു. മുംബൈയുടെ പോരാട്ടം 165 റണ്‍സില്‍ അവസാനിച്ചു. യുപിക്കായി ക്യാപ്റ്റന്‍ മെഗ് ലാന്നിംഗ് (70), ഫോബ് ലിച്ഫീല്‍ഡ് (61) എന്നിവര്‍ അര്‍ധസെഞ്ചുറി നേടി.
മുംബൈയ്ക്ക് വേണ്ടി അമേലിയ കെര്‍ മൂന്നും നാറ്റ് സീവര്‍ ബ്രാന്‍ഡ് രണ്ടു വിക്കറ്റും സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിൽ മുംബൈയുടെ ആറാം വിക്കറ്റില്‍ ഒന്നിച്ച അമേലിയ കെര്‍-അമന്‍ജോത് കൗര്‍ സഖ്യമാണ് തോല്‍വി ഭാരം കുറച്ചത്. അമേലിയ 49 റണ്‍സുമായി പുറത്താകാതെ നിന്നു. അമന്‍ജോത് 24 പന്തില്‍ 41 റണ്‍സെടുത്തു. യുപിക്ക് വേണ്ടി ശിഖ പാണ്ഡെ രണ്ടു വിക്കറ്റ് വീഴ്ത്തി.

