ന്യൂസിലാന്റില്‍ ഉരുള്‍പൊട്ടല്‍ ;കുട്ടകളടക്കം നിരവധി പേരെ കാണാതായി

ന്യൂസിലാന്റിലെ നോര്‍ത്ത് ഐലന്‍ഡിലുള്ള പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ മൗണ്ട് മൗംഗനൂയിയിലെ ഒരു ക്യാമ്പ് സൈറ്റിലാണ് (Beachside Holiday Park) ഉരുള്‍പൊട്ടലുണ്ടായത്.വ്യാഴാഴ്ച രാവിലെ 9:30-ഓടെയാണ് സംഭവം. കുന്നിടിഞ്ഞ് മണ്ണും കല്ലും ക്യാമ്പ് സൈറ്റിലെ ടെന്റുകള്‍ക്കും വാഹനങ്ങള്‍ക്കും മുകളിലേക്ക് പതിക്കുകയായിരുന്നു.

കുട്ടികളടക്കം നിരവധി പേരെ കാണാതായതായി റിപ്പോര്‍ട്ടുകളുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ നടത്തുകയാണ്.ഏകദേശം പത്തില്‍ താഴെ ആളുകളെ കാണാതായതായാണ് പ്രാഥമിക വിവരം.ഒരു പെണ്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി ആശങ്കയുണ്ട്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് തുടരുന്ന അതിശക്തമായ മഴയാണ് ഉരുള്‍പൊട്ടലിന് കാരണമായത്.24 മണിക്കൂറിനുള്ളില്‍ 270 മില്ലീമീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചത്. ഇത് റെക്കോര്‍ഡ് മഴയാണ്.

കുന്നിടിഞ്ഞ് ടണ്ണ കണക്കിന് മണ്ണും മരങ്ങളും ക്യാമ്പ് സൈറ്റിലെ ടെന്റുകള്‍ക്കും,വാനുകള്‍ക്കും ശുചിമുറി കെട്ടിടത്തിനും മുകളിലേക്ക് പതിക്കുകയായിരുന്നു.രക്ഷാപ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ആളുകള്‍ സഹായത്തിനായി നിലവിളിക്കുന്നത് കേള്‍ക്കാമായിരുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ട്.

മൗണ്ട് മൗംഗനൂയിക്ക് പുറമെ തൊട്ടടുത്തുള്ള പാപ്പാമോവ എന്ന സ്ഥലത്തും ഉരുള്‍പൊട്ടലുണ്ടായിട്ടുണ്ട്. അവിടെ ഒരു വീട് തകരുകയും രണ്ട് പേരെ കാണാതാവുകയും ചെയ്തു. ഓക്ലന്‍ഡിന് വടക്ക് വാര്‍ക്ക്വര്‍ത്തില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് ഒരാളെയും കാണാതായിട്ടുണ്ട്.നോര്‍ത്ത്ലാന്‍ഡ്, ബേ ഓഫ് പ്ലെന്റി തുടങ്ങിയ അഞ്ച് പ്രവിശ്യകളില്‍ പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ആയിരക്കണക്കിന് വീടുകളില്‍ വൈദ്യുതി ബന്ധം നിലച്ചു.നിലവില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മണ്ണിന്റെ ഇടിവ് തുടരാന്‍ സാധ്യതയുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ അതീവ ജാഗ്രതയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *