ഇറാഖിൽ യുഎസ് വ്യോമാക്രമണം; ഇറാൻ അനുകൂല സംഘടനയിലെ 16 പേർ കൊല്ലപ്പെട്ടു

ബാഗ്ദാദ്: ഇറാഖിലെ അൻബാർ പ്രവിശ്യയിലുള്ള ഇറാൻ അനുകൂല സായുധ ഗ്രൂപ്പിന്റെ ആസ്ഥാനത്തിന് നേരെ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഹഷാദ് അൽ ഷാബി (Popular Mobilization Forces – PMF) എന്ന സംഘടനയുടെ പ്രാദേശിക കമാൻഡർമാരും ഉൾപ്പെടുന്നുണ്ടെന്ന് ഇറാഖ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.അൻബാർ പ്രവിശ്യയിലെ സംഘടനയുടെ ഓപ്പറേഷൻസ് ആസ്ഥാനം ലക്ഷ്യമിട്ടാണ് യുഎസ് വ്യോമാക്രമണം നടത്തിയത്. പുലർച്ചെയുണ്ടായ ഈ ആക്രമണം മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. 16 പേർ കൊല്ലപ്പെട്ടതിന് പുറമെ മുപ്പതോളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഇതിൽ പലരുടെയും നില ഗുരുതരമാണ്. ഇറാഖിലെ ഇറാൻ അനുകൂല ഗ്രൂപ്പുകൾക്ക് നേരെ അടുത്തകാലത്തുണ്ടായ ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്നാണിത്. അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായ ഈ നടപടി രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ഹഷാദ് അൽ ഷാബി പ്രസ്താവനയിൽ അറിയിച്ചു. ഇത്തരം ആവർത്തിച്ചുള്ള ലംഘനങ്ങൾക്കെതിരെ രാഷ്ട്രീയ നേതൃത്വം ശക്തമായ നിലപാട് സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. മേഖലയിൽ ഇറാനും ഇസ്രായേലും അമേരിക്കയും തമ്മിലുള്ള സംഘർഷം മുറുകുന്നതിനിടെയാണ് ഇറാഖിലെ ഇറാൻ അനുകൂല കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടന്നിരിക്കുന്നത്. ഈ സംഭവത്തെത്തുടർന്ന് ഇറാഖ് സർക്കാർ അടിയന്തര ദേശീയ സുരക്ഷാ കൗൺസിൽ യോഗം വിളിച്ചുചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *