ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധഭീതി ശക്തമാകുന്ന സാഹചര്യത്തിൽ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാൻ കേന്ദ്ര സർക്കാർ നിർദ്ദേശിച്ചു. അമേരിക്കയുമായുള്ള തർക്കം രൂക്ഷമായതും മേഖലയിൽ യുഎസ് ആക്രമണത്തിന് സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളുമാണ് ഇത്തരമൊരു അടിയന്തര ജാഗ്രതാ നിർദ്ദേശം (Advisory) പുറപ്പെടുവിക്കാൻ ഇന്ത്യയെ പ്രേരിപ്പിച്ചത്.
വാണിജ്യ വിമാനങ്ങൾ ഉൾപ്പെടെ ലഭ്യമായ എല്ലാ മാർഗങ്ങളിലൂടെയും ഇറാനിൽ നിന്ന് പുറത്തുകടക്കാനാണ് ഇന്ത്യൻ എംബസി ആവശ്യപ്പെട്ടിരിക്കുന്നത്. വിദ്യാർത്ഥികൾ, തീർത്ഥാടകർ, വിനോദസഞ്ചാരികൾ, ബിസിനസ്സുകാർ തുടങ്ങി ഇറാനിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും ഈ നിർദ്ദേശം ബാധകമാണ്.
പാസ്പോർട്ട്, ഐഡി കാർഡുകൾ ഉൾപ്പെടെയുള്ള എല്ലാ യാത്രാ രേഖകളും എപ്പോഴും കൈവശം വെക്കണമെന്ന് എംബസി നിർദ്ദേശിച്ചു. ഇറാനിൽ ഭരണവിരുദ്ധ പ്രക്ഷോഭങ്ങൾ ശക്തമായ സാഹചര്യത്തിൽ പ്രതിഷേധ സ്ഥലങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും പ്രാദേശിക വാർത്തകൾ ശ്രദ്ധിക്കാനും എംബസി അറിയിച്ചു.
പശ്ചിമേഷ്യയിലേക്ക് യുഎസ് ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ ‘യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ്’ വിന്യസിച്ചതും ട്രംപ് ഭരണകൂടം സൈനിക സമ്മർദ്ദം ശക്തമാക്കിയതും മേഖലയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങളും സ്ഥിതിഗതികൾ വഷളാക്കി.

