ബാഗ്ദാദ്: ഇറാഖിന്റെ വ്യോമപരിധിയിൽ അമേരിക്കൻ സൈന്യത്തിന്റെ ഇന്ധനം നിറയ്ക്കുന്ന വിമാനം തകർന്നു വീണു. പടിഞ്ഞാറൻ ഇറാഖിലാണ് അപകടം നടന്നതെന്ന് യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. ഇന്ധനം നിറയ്ക്കാൻ ഉപയോഗിക്കുന്ന രണ്ട് കെസി 135 വിമാനങ്ങളാണ് അപകട സമയത്ത് പ്രദേശത്തുണ്ടായിരുന്നത്. ഇതിൽ ഒന്ന് തകർന്നു വീഴുകയും രണ്ടാമത്തെ വിമാനം സുരക്ഷിതമായി നിലത്തിറക്കുകയും ചെയ്തു.
വിമാനം വെടിവച്ചു വീഴ്ത്തിയതല്ലെന്നാണ് യുഎസ് സെൻട്രൽ കമാൻഡ് പ്രാഥമികമായി അറിയിച്ചിരിക്കുന്നത്. വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.എന്നാൽ, തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് വിമാനം വെടിവച്ചു വീഴ്ത്തിയതാണെന്ന് ഇറാൻ പിന്തുണയുള്ള ഇറാഖിലെ സായുധ ഗ്രൂപ്പ് അവകാശപ്പെട്ടു. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ഇവർ പ്രസ്താവനയിറക്കി.

