ചോള കാലഘട്ടത്തിലെ 3 ശിൽപങ്ങൾ ഇന്ത്യക്ക് തിരികെ നൽകാനൊരുങ്ങി യുഎസ് മ്യൂസിയം

വാഷിങ്ടൺ: തമിഴ്‌നാട്ടിൽനിന്നു മോഷ്ടിക്കപ്പെട്ട മൂന്ന് വെങ്കലശിൽപങ്ങൾ ഇന്ത്യക്ക് തിരികെ നൽകുമെന്ന് അറിയിച്ച് സ്മിത്ത്സോണിയൻ നാഷണൽ മ്യൂസിയം ഓഫ് ഏഷ്യൻ ആർട്ട്. ഇന്ത്യൻ ക്ഷേത്രങ്ങളിൽ നിന്ന് നിയമവിരുദ്ധമായി കടത്തിക്കൊണ്ടു പോയതാണ്‌ ചോള കാലഘട്ടത്തിൽ നിർമ്മിച്ച ഈ ശിൽപങ്ങളെന്ന് തെളിഞ്ഞതിനെ തുടർന്നാണ് മ്യൂസിയത്തിന്റെ തീരുമാനം.

‘ശിവ നടരാജ’ (ചോള കാലഘട്ടം, ഏകദേശം എഡി 990), ‘സോമസ്‌കന്ദ’ (ചോള കാലഘട്ടം, 12-ാം നൂറ്റാണ്ട്), ‘പറവൈയോടൊപ്പമുള്ള സ്വാമി സുന്ദരർ’ (വിജയനഗര കാലഘട്ടം, 16-ാം നൂറ്റാണ്ട്) എന്നിവയാണ് വാഷിങ്ടൺ ആസ്ഥാനമായുള്ള മ്യൂസിയം തിരികെ നൽകുന്ന മൂന്ന് പുരാവസ്തുക്കൾ.

ശിൽപങ്ങളിലൊന്ന് ദീർഘകാല വായ്പയായി മ്യൂസിയത്തിൽ തന്നെ സ്ഥാപിക്കാൻ ഇന്ത്യൻ സർക്കാർ സമ്മതിച്ചിട്ടുണ്ട് എന്ന് മ്യൂസിയം അധികൃതർ പറഞ്ഞു. ശിൽപത്തിന്റെ ഉത്ഭവം, കടത്തിക്കൊണ്ടു പോവൽ, തിരിച്ചയയ്ക്കൽ എന്നിങ്ങനെ മുഴുവൻ കഥയും പൊതുജനങ്ങളുമായി പങ്കുവെക്കാനും മ്യൂസിയത്തിന്റെ പ്രതിബദ്ധത ഊന്നിപ്പറയാനും ഇതുവഴി സാധിക്കും.

ഈ ശിൽപങ്ങൾ യഥാർത്ഥത്തിൽ ക്ഷേത്ര ആചാരങ്ങളോടനുബന്ധിച്ച്‌ പരമ്പരാഗതമായി കൊണ്ടുനടന്നിരുന്നവയാണ്. ദക്ഷിണേന്ത്യൻ വെങ്കല വാർപ്പുകലയുടെ സമ്പന്നതയെ ഉയർത്തിക്കാട്ടുന്ന ഉത്തമ ഉദാഹരണങ്ങളാണ് ഈ ശിൽപങ്ങൾ. ‘ദ ആർട്ട് ഓഫ് നോയിംഗ് ഇൻ സൗത്ത് ഏഷ്യ, സൗത്ത് ഈസ്റ്റ് ഏഷ്യ, ആൻഡ് ദ ഹിമാലയസ്’ എന്ന പ്രദർശനത്തിന്റെ ഭാഗമായിട്ടാണ്, ദീർഘകാല വായ്പയായി സ്ഥാപിക്കപ്പെടാൻ പോകുന്ന ‘ശിവ നടരാജ’ മ്യൂസിയത്തിൽ പ്രദർശിപ്പിക്കപ്പെടുക.

ദക്ഷിണേഷ്യൻ ശേഖരങ്ങളുടെ ചിട്ടയായ പുനരവലോകനത്തിന്റെ ഭാഗമായാണ് നാഷണൽ മ്യൂസിയം ഓഫ് ഏഷ്യൻ ആർട്ട് മൂന്ന് ശിൽപങ്ങളുടെ ഉത്ഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയത്. 2023-ൽ, ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോണ്ടിച്ചേരിയുടെ ഫോട്ടോ ആർക്കൈവുകളുമായി സഹകരിച്ച് നടത്തിയ പരിശോധനയിൽ 1956-നും 1959-നും ഇടയിൽ തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ നിന്നെടുത്ത ഫോട്ടോകളിൽ ഈ ശിൽപങ്ങൾ ഉണ്ടെന്ന് മ്യൂസിയം ഗവേഷകർ സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *