വാഷിംഗ്ടൺ: ഇറാനിലെ ഉന്നത നേതാക്കൾ ഉൾപ്പെടെയുള്ള പത്തുപേരെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 മില്യൺ ഡോളർ (ഏകദേശം 84 കോടി രൂപയിലേറെ) പാരിതോഷികം നൽകുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പ്രഖ്യാപിച്ചു. ലോകമെമ്പാടും ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്യുന്നത് ഇവർ ആണെന്ന് ആരോപിച്ചാണ് അമേരിക്കയുടെ ഈ നടപടി.
ഇറാനിലെ പുതിയ പരമോന്നത നേതാവായ മുജ്തബ ഖമനയ് ആണ് ഈ പട്ടികയിൽ ഒന്നാമൻ. ഇവർക്ക് പുറമെ അലി അസ്ഗർ ഹെജാസി (സുപ്രീം ലീഡറുടെ ഓഫീസിലെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ്), മേജർ ജനറൽ യഹ്യ റഹീം സഫാവി (സൈനിക ഉപദേഷ്ടാവ്), അലി ലാരിജാനി (സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി), എസ്‌കന്ദർ മോമിനി (ആഭ്യന്തര മന്ത്രി), ഇസ്മായിൽ ഖതീബ് (രഹസ്യാന്വേഷണ-സുരക്ഷാ മന്ത്രി) തുടങ്ങിയവരും പട്ടികയിലുണ്ട്. കൂടാതെ പ്രതിരോധ കൗൺസിൽ സെക്രട്ടറി, ഐആർജിസി കമാൻഡർ തുടങ്ങിയ സ്ഥാനങ്ങളിലുള്ളവരും യുഎസിന്റെ ഈ പട്ടികയിൽ ഉൾപ്പെടുന്നു.
വിവരം കൈമാറുന്നവർക്കായി എൻക്രിപ്റ്റ് ചെയ്ത ഡിജിറ്റൽ സംവിധാനങ്ങളാണ് അമേരിക്ക ഒരുക്കിയിരിക്കുന്നത്. ടോർ (Tor) അധിഷ്ഠിത ടിപ്‌ലൈൻ വഴിയോ സിഗ്നൽ (Signal) ആപ്പ് വഴിയോ വിവരങ്ങൾ നൽകാം. വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികത്തിന് പുറമെ സുരക്ഷിതമായ പുനരധിവാസവും ‘റിവാർഡ്‌സ് ഫോർ ജസ്റ്റിസ്’ പദ്ധതിയിലൂടെ വാഗ്ദാനം ചെയ്യുന്നുണ്ട്.

