യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സമാധാന നൊബേല്‍ സമ്മാനം ലഭിച്ചുവെന്ന വാര്‍ത്ത ആഗോളതലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. എന്നാല്‍ ഇതിന്റെ പിന്നിലെ വസ്തുതകള്‍ ഇതാണ്.
2025-ലെ സമാധാന നൊബേല്‍ പുരസ്കാര ജേതാവായ വെനിസ്വേലന്‍ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോ,തനിക്ക് ലഭിച്ച മെഡല്‍ ട്രംപിന് സമ്മാനമായി നല്‍കുകയായിരുന്നു. ജനുവരി 15-ന് വൈറ്റ് ഹൗസില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയിലാണ് ഈ അപൂര്‍വ്വ സംഭവം നടന്നത്.
മരിയ കൊറിന മച്ചാഡോ തന്റെ സ്വര്‍ണ്ണ മെഡല്‍ ട്രംപിന് കൈമാറി. വെനിസ്വേലയിലെ സ്വേച്ഛാധിപത്യ ഭരണകൂടത്തെ പുറത്താക്കാന്‍ ട്രംപ് നല്കിയ പിന്തുണയ്ക്കുള്ള നന്ദിയായാണ് അവര്‍ ഈ മെഡല്‍ നല്‍കിയത്.ഇത് പരസ്പര ബഹുമാനത്തിന്റെ വലിയൊരു അടയാളമാണെന്ന് ട്രംപ് വിശേഷിപ്പിച്ചു. ‘എന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി മരിയ അവരുടെ നൊബേല്‍ മെഡല്‍ എനിക്ക് നല്കി’ എന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
മെഡല്‍ കൈമാറാന്‍ സാധിക്കുമെങ്കിലും, നൊബേല്‍ പുരസ്കാര ജേതാവ് എന്ന പദവി കൈമാറാന്‍ കഴിയില്ലെന്ന് നോര്‍വീജിയന്‍ നൊബേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. ഔദ്യോഗിക രേഖകളില്‍ മരിയ കൊറിന മച്ചാഡോ തന്നെയായിരിക്കും പുരസ്കാര ജേതാവ്. ഒരു വലിയ ഗോള്‍ഡന്‍ ഫ്രെയിമില്‍ ഈ മെഡല്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചിത്രം വൈറ്റ് ഹൗസ് പുറത്തുവിട്ടിട്ടുണ്ട്. ഇതിന് താഴെ ‘വെനിസ്വേലന്‍ ജനതയുടെ നന്ദി സൂചകമായി പ്രസിഡന്റ് ട്രംപിന് സമര്‍പ്പിക്കുന്നു’ എന്ന കുറിപ്പുമുണ്ട്.
വെനിസ്വേലയിലെ രാഷ്ട്രീയ മാറ്റങ്ങളില്‍ ട്രംപിന്റെ പിന്തുണ ഉറപ്പാക്കാനുള്ള മച്ചാഡോയുടെ നയതന്ത്ര നീക്കമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഇതിനെ കാണുന്നത്. ട്രംപ് ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന ഒന്നാണ് സമാധാന നൊബേല്‍ എന്നതും ഈ നീക്കത്തിന് പിന്നിലുണ്ടെന്ന് കരുതപ്പെടുന്നു.

