ഓസ്ട്രേലിയന്‍ ക്രിക്കറ്റിലെ ഒരു യുഗത്തിന് അന്ത്യം കുറിച്ചുകൊണ്ട് വെറ്ററന്‍ ഓപ്പണര്‍ ഉസ്മാന്‍ ഖവാജ (39) അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 2026 ജനുവരി 8-ന് സിഡ്നിയില്‍ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ആഷസ് ടെസ്റ്റിലെ വിജയത്തോടെയാണ് അദ്ദേഹം പടിയിറങ്ങിയത്.
2011-ല്‍ ഏത് ഗ്രൗണ്ടിലാണോ (SCG) ഖവാജ തന്റെ കരിയര്‍ തുടങ്ങിയത്, അതേ ഗ്രൗണ്ടില്‍ തന്നെ കരിയര്‍ അവസാനിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.അവസാന മത്സരം തന്റെ 88-ാം ടെസ്റ്റിലാണ് അദ്ദേഹം വിരമിച്ചത്. അവസാന ഇന്നിങ്സില്‍ 6 റണ്‍സ് മാത്രമാണ് നേടിയതെങ്കിലും, വിജയലക്ഷ്യം പിന്തുടരുന്നതിനിടയില്‍ അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചു.
മത്സരശേഷം ,ഭാര്യ റേച്ചല്‍, മക്കളായ ഐഷ, ഐലഎന്നിവര്‍ക്കൊപ്പം ഗ്രൗണ്ടിലെത്തിയ അദ്ദേഹത്തിന് സഹതാരങ്ങളും കാണികളും ഊഷ്മളമായ യാത്രയയപ്പ് നല്‍കി. വിരമിക്കല്‍ പ്രഖ്യാപന വേളയില്‍ ഖവാജ നടത്തിയ പ്രസംഗം വലിയ ചര്‍ച്ചയായി. തന്റെ കരിയറിലുടനീളം താന്‍ നേരിട്ട വംശീയമായ മുന്‍വിധികളെയും വിവേചനത്തെയും കുറിച്ച് അദ്ദേഹം തുറന്നടിച്ചു.ആഷസ് പരമ്പരയുടെ തുടക്കത്തില്‍ പരിക്കേറ്റപ്പോള്‍ മുന്‍ താരങ്ങളില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും ഉണ്ടായ വിമര്‍ശനങ്ങള്‍ വ്യക്തിപരമായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.’ഞാനൊരു മുസ്ലിമാണ്, പാകിസ്ഥാനില്‍ ജനിച്ചവനാണ്. ഓസ്ട്രേലിയന്‍ ടീമിന് വേണ്ടി കളിക്കാന്‍ എനിക്ക് സാധിക്കില്ലെന്ന് പലരും പറഞ്ഞിരുന്നു. പക്ഷേ ഇന്ന് ഞാന്‍ ഇവിടെ നില്‍ക്കുന്നു,’ എന്ന് അദ്ദേഹം വികാരാധീനനായി പറഞ്ഞു.അടുത്ത ഉസ്മാന്‍ ഖവാജയ്ക്ക് ഈ വിവേചനങ്ങള്‍ നേരിടേണ്ടി വരരുത് എന്നതാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2025-ല്‍ ശ്രീലങ്കയ്ക്കെതിരെ നേടിയ 232 റണ്‍സാണ് ടെസ്റ്റിലെ അദ്ദേഹത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.ഓസ്ട്രേലിയന്‍ ടീമിനായി കളിക്കുന്ന ആദ്യ മുസ്ലിം താരമായിരുന്നു അദ്ദേഹം.

