നിപക്കെതിരെ പുത്തൻ പ്രതീക്ഷ; ടോക്യോ സർവ്വകലാശാല വികസിപ്പിച്ച വാക്സിൻ ക്ലിനിക്കൽ ട്രയലിലേക്ക്

ടോക്യോ: ലോകത്തെ ഭീതിയിലാഴ്ത്തുന്ന മാരകമായ നിപ വൈറസിനെ പ്രതിരോധിക്കാൻ ജപ്പാനിലെ ടോക്യോ സർവ്വകലാശാലയിലെ ഗവേഷകർ വികസിപ്പിച്ച വാക്സിൻ മനുഷ്യരിലെ പരീക്ഷണത്തിന് (ക്ലിനിക്കൽ ട്രയൽ) ഒരുങ്ങുന്നു. മീസിൽസ് വൈറസിലേക്ക് നിപ വൈറസിന്റെ ജനിതക ഘടകങ്ങൾ കൂട്ടിച്ചേർത്താണ് ഈ വാക്സിൻ നിർമ്മിച്ചിരിക്കുന്നത്. എലികളിൽ നടത്തിയ പരീക്ഷണം വൻ വിജയമായതിനെത്തുടർന്ന്, ഏപ്രിൽ മാസത്തോടെ ബെൽജിയത്തിൽ വെച്ച് മനുഷ്യരിലെ ഒന്നാം ഘട്ട പരീക്ഷണം ആരംഭിക്കും.

മനുഷ്യശരീരത്തിൽ പ്രവേശിക്കുമ്പോൾ നിപ വൈറസിന് സമാനമായ ആന്റിജൻ പ്രോട്ടീൻ ഉത്പാദിപ്പിക്കാൻ ഈ വാക്സിൻ സഹായിക്കും. ഇത് യഥാർത്ഥ വൈറസിനെ തിരിച്ചറിയാനും പ്രതിരോധിക്കാനും ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തെ മുൻകൂട്ടി സജ്ജമാക്കുന്നു. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന നിപയ്ക്ക് നിലവിൽ അംഗീകൃത വാക്സിനോ പ്രത്യേക ചികിത്സയോ ലഭ്യമല്ലാത്ത സാഹചര്യത്തിൽ പുതിയ വാക്സിൻ ആരോഗ്യരംഗത്തിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്.

2018-ൽ കേരളത്തിലെ കോഴിക്കോട് പേരാമ്പ്രയിലാണ് ഈ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. ഇതുവരെ കേരളത്തിൽ മാത്രം 21 പേർ നിപ ബാധിച്ച് മരിക്കുകയും അടുത്തിടെ പശ്ചിമ ബംഗാളിലും കേസുകൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. പനി, തലവേദന, ശ്വാസതടസ്സം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. രോഗം വേഗത്തിൽ തലച്ചോറിനെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത ആവശ്യമാണ്. ആർടിപിസിആർ, എലീസ പരിശോധനകളിലൂടെയാണ് നിലവിൽ രോഗം തിരിച്ചറിയുന്നത്. ടോക്യോ സർവ്വകലാശാലയുടെ ഈ കണ്ടുപിടുത്തം നിപയെ തളയ്ക്കാനുള്ള നിർണ്ണായക ചുവടുവെപ്പായിട്ടാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *