നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ് കുമാരമംഗലം വള്ളിയാനിക്കാട് ഭഗവതി ക്ഷേത്രത്തിനും ക്ഷേത്രത്തോട് ചേര്‍ന്നു കിടക്കുന്ന ഉത്സവ പറമ്പും.അതിപുരാതന കാലങ്ങളായി മുടിയേറ്റ് , കാളകളി ,എതിരേല്‍പ്പ്,തൂക്കം, മകം തൊഴല്‍ ,പൊങ്കാല തുടങ്ങിയ ആചാരാനുഷ്ഠാനങ്ങളില്‍ പങ്കെടുക്കാന്‍ ജാതിമതഭേദമന്യേ നാനാ ദേശത്തു നിന്നും ജനങ്ങള്‍ ഒഴുകിയെത്തുന്ന പുണ്യസ്ഥലം കൂടിയാണ് വള്ളിയാനിക്കാട് ഭഗവതി ക്ഷേത്രം.
ചരിത്രപ്രസിദ്ധമായ ഈ വള്ളിയാനിക്കാട് ദേവീക്ഷേത്രത്തിന്റെ കാവും കണ്ടവും,നാഗത്തറയും ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ വ്യാജ പ്രമാണം ഉണ്ടാക്കി കയ്യേറി ആചാരാനുഷ്ഠാനങ്ങളെ ഇല്ലാതാക്കന്‍ ശ്രമിക്കുന്ന ഭൂമാഫിയക്കെതിരെ ഭക്തജനങ്ങള്‍ ഒന്നു ചേര്‍ന്ന് പ്രതിഷേധിച്ചു
വള്ളിയാനിക്കാട്ട് അമ്മയുടെ ശ്രീകോവിലില്‍ നിന്നും മേല്‍ശാന്തി പകര്‍ന്ന് നല്‍കിയ ഭദ്രദീപം നൂറുകണക്കിന് ഭക്തരെ സാക്ഷിയാക്കി സംഗമത്തിന്റെ മുന്നിലൊരുക്കിയ അഗ്‌നികുണ്ഡത്തിലേക്ക് സ്വാമി ദേവ ചൈതന്യ ആനന്ദ സരസ്വതി പകരുകയും വള്ളിയാനിക്കാട്ട് അമ്മയുടെ സ്വത്ത് ഭൂമാഫിയക്ക് വിട്ടുകൊടുക്കാന്‍ തയ്യാറല്ലന്ന് അമ്മയുടെ ഭക്തരായ ആബാലവൃദ്ധം ജനങ്ങളും കര്‍പ്പൂരാഴിയിലേക്ക് കരപ്പൂരം പ്രാര്‍ത്ഥിച്ച് സമര്‍പ്പിച്ചുകൊണ്ട് പ്രതിജ്ഞ ചെയ്തുകൊണ്ട് തുടര്‍ പ്രതിഷേധ സമരങ്ങള്‍ക്ക് തുടക്കം കുറിച്ചു.
വള്ളിയാനിക്കാട്ട് അമ്മയുടെ ഭക്തരുടെ പ്രതിനിധികളായ ഭക്തരായ അമ്മമാര്‍ നിലവിളക്ക് കൊളുത്തി ഈശ്വര പ്രാര്‍ത്ഥനയോടെ സംഗമം ആരംഭിച്ചു . ക്ഷേത്ര സംരക്ഷണ സമിതി രക്ഷാധികാരി എസ് ആര്‍ ഹരിദാസ് അധ്യക്ഷ പ്രസംഗം നടത്തി. ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡന്റ് പ്രതീഷ് ആര്‍ നായര്‍ കേസുമായി ബന്ധപ്പെട്ട ആധികാരികമായിട്ടുള്ള കാര്യങ്ങള്‍ ഭക്തര്‍ക്ക് വിശദീകരിച്ചു.


വിശ്വഹിന്ദു പരീക്ഷത്ത് ജില്ലാ പ്രസിഡന്റ് ബിജു കൃഷ്ണന്‍ ഇന്നത്തെ കാലഘട്ടത്തില്‍ ക്ഷേത്രങ്ങളും ക്ഷേത്ര ആചാരങ്ങളും നിലനില്‍ക്കേണ്ടത് നമ്മുടെ ഹൈന്ദവ സമൂഹത്തിന് ഏറ്റവും അത്യാവശ്യമാണെന്ന് ഭക്തരെ ഓര്‍മിപ്പിച്ചു.വള്ളിയാനിക്കാട് ദേവീക്ഷേത്രത്തിന്റെ ഭൂമി അനധികൃതമായി കയ്യേറുന്ന ഭൂമാഫിയകള്‍ക്ക് എതിരെ സംസാരിക്കുന്നതിനിടയില്‍ ശബരിമല ഗുരുവായൂര്‍ മുതലായ ക്ഷേത്രങ്ങളിലെ ക്ഷേത്ര സ്വത്തുക്കള്‍ കൊള്ളയടിക്കുന്നതും ഭൂമാഫികള്‍ക്ക് ഒത്താശ ചെയ്തു കൊടുക്കുന്നതുമായ സര്‍ക്കാര്‍ ആണ് എന്നും ദേവസ്വം വകുപ്പ് എല്ലാവിധ ഒത്താശയും ചെയ്തു കൊടുക്കുന്നു എന്നും ക്ഷേത്ര ആചാരങ്ങളെ സംരക്ഷിക്കേണ്ട ദേവസ്വം ബോര്‍ഡും സര്‍ക്കാരും ഈ ഒത്താശകള്‍ക്ക് കൂട്ടുനിന്നാല്‍ ഭക്തരുടെ പ്രതിഷേധം സങ്കല്‍പ്പിക്കാവുന്നതിലും കൂടുതല്‍ ആയിരിക്കുമെന്ന് അദ്ദേഹം ശക്തമായി ഭാഷയില്‍ പറഞ്ഞു.
ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാധ്യക്ഷന്‍ സ്വാമി ദേവ ചൈതന്യ ആനന്ദ സരസ്വതി അവര്‍കള്‍ മുഖ്യപ്രഭാഷണം നടത്തി. ‘നമ്മുടെ പൂര്‍വികര്‍ നമുക്ക് പകര്‍ന്നു തന്ന അറിവും ആചാരങ്ങളും നമ്മള്‍ നമ്മുടെ മക്കള്‍ക്ക് പകര്‍ന്നു കൊടുക്കേണ്ടത് നമ്മുടെ കടമയാണ് എന്നും ആചാര അനുഷ്ഠാനങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ഏതൊരു ആസുര ശക്തി ആണെങ്കിലും അതിനെയെല്ലാം തകര്‍ക്കാനും ചെറുക്കാനുമുള്ള ധൈര്യവും കെട്ടുറപ്പും ഇന്ന് ഹൈന്ദവ സമൂഹത്തിനുണ്ട് എന്നുള്ള കാര്യം അദ്ദേഹം ഭക്തരെ ഓര്‍മ്മപ്പെടുത്തി.
ബിജെപി സംസ്ഥാന സമിതി അംഗം ബിനു ജെ കൈമള്‍, ബ്രാഹ്‌മണ സേവാ സംഘം സെക്രട്ടറി അഭിജിത്ത് പരമേശ്വര്‍, എസ്എന്‍ഡിപി കുമാരമംഗലം ബ്രാഞ്ച് സെക്രട്ടറി മനോജ് എംപി, എന്‍എസ്എസ് കരയോഗം പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ നായര്‍ കെ വി എം എസ് വെങ്ങല്ലൂര്‍ ഉപസഭ പ്രസിഡന്റ് ബിനു രവീന്ദ്രന്‍, വിശ്വ ബ്രാഹ്‌മണ സമൂഹം തൊടുപുഴ വൈസ് പ്രസിഡന്റ് ശിവദാസ് പുത്തന്‍വീട്ടില്‍, കേരള ഗണക മഹാസഭ തൊടുപുഴ സെക്രട്ടറി കമലമ്മ, കെപിഎംഎസ് കുമാരമംഗലം ശാഖാ സെക്രട്ടറി ഷിനോജ് സിപി , തുടങ്ങി വിവിധ സാമുദായിക സംഘടന നേതാക്കള്‍ പങ്കെടുത്തു സംസാരിച്ചു. ക്ഷേത്ര സംരക്ഷണ സമിതി അംഗങ്ങളായ സഹ രക്ഷാധികാരി അഭിലാഷ് മുട്ടപ്പിള്ളില്‍, വൈസ് പ്രസിഡന്റ് ശ്രീരാജ് കൈതവളപ്പില്‍, സെക്രട്ടറി മനോജ് മാധവം എന്നിവര്‍ സന്നിഹിതരായിരുന്നു.

