തൊടുപുഴയിലെ പുരാതനവും പ്രശസ്തമായ പള്ളിയാണ് ചുങ്കം സെന്റ്‌മേരീസ് ക്‌നാനായ പള്ളി. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ പള്ളിയില്‍ സൂക്ഷിച്ചിരിക്കുന്ന തനി തങ്കത്തില്‍ തീര്‍ത്ത മുടി.. അഥവാ കിരീടമാണ് വേന്തന്‍മുടികള്‍ എന്നറിയപ്പെടുന്നത്.
പള്ളിയുടെ ചരിത്രം
തെക്കുംഭാഗക്കാർ എന്നറിയപ്പെടുന്ന ക്നാനായ ക്രൈസ്തവരുടെ കുടിയേറ്റ പ്രദേശങ്ങളിലൊന്നായ തൊടുപുഴയിലെ ഈ ദേവാലയം AD 1579 ലാണ് സ്ഥാപിതമായത്. തടിയിൽ നിർമ്മിച്ച ആദ്യത്തെ പള്ളി പൊളിച്ചുനീക്കി AD 1653 ൽ സ്ഥാപിതമായ പഴയ പള്ളി ഇന്ന് പുരാവസ്തു പ്രാധാന്യത്തോടെ സംരക്ഷിച്ചിട്ടുണ്ട്. AD 1953ൽ കരിങ്കല്ലിൽ കെട്ടിയുയർത്തിയ ഇപ്പോഴത്തെ പള്ളി കർദ്ദിനാൾ തിസ്സറാംഗ് ആണ് വെഞ്ചരിച്ചത്.
വേന്തൻ മുടികൾ
പള്ളിയിൽ സൂക്ഷിച്ചിരിക്കുന്ന വേന്തൻ മുടികൾ ആൺമുടി, പെൺമുടി എന്നിങ്ങനെ രണ്ടെണ്ണമുണ്ട്. രണ്ടും സ്വർണ്ണത്തിൽ തീർത്തവ. പള്ളിയിൽ നടക്കുന്ന വിവാഹച്ചടങ്ങിൽ വച്ച് വധൂവരന്മാരുടെ ശിരസ്സിൽ ഈ മുടികൾ ധരിപ്പിക്കാറുണ്ട്. വേന്തൻ മുടി എന്നാൽ ചക്രവർത്തിയുടെ കിരീടം എന്നാണ്. ചേര, ചോള, പാണ്ഡ്യന്മാർ ആണ് മൂവേന്തൻമാർ എന്നറിയപ്പെടുന്നത്. കോച്ചേരൽകോൻ എന്ന കുലശേഖര കോയിലധികാരികൾ അഥവാ ചേരപ്പെരുമാൾ എന്ന വേന്തൻ സമ്മാനിച്ചതാണ് ഈ കിരീടങ്ങൾ എന്നാണ് പരമ്പരാഗതമായി വിശ്വസിക്കുന്നത്.
ചെമ്പുതകിടിൽ സ്വർണ്ണപുഷ്പങ്ങൾ പതിപ്പിച്ച് ഇടയ്ക്കിടെ വിവിധ തരം രത്നക്കല്ലുകൾ കൊണ്ട് അലങ്കരിച്ചതാണ് പെൺമുടി. ഇതിന് മുൻവശം മാത്രമേയുള്ളൂ. ആൺമുടി താമരപ്പൂ പോലെ സ്വർണ്ണഇതളുകളോടും സ്വർണ്ണക്കൂമ്പുകളോടു കൂടിയ ചെറിയൊരു ദണ്ഡാണ്. കസവുനേര്യത് കൊണ്ടുള്ള തലയിൽകെട്ടിനുള്ളിൽ ആൺമുടി മുകളിലേയ്ക്ക് വിടർത്തി നിർത്തി കെട്ടിവയ്ക്കാറാണുള്ളത്. യമനിലെ യഹൂദന്മാരും വിവാഹസമയത്ത് ഇതിനോട് സമാനമായ അലങ്കാരമുടികൾ ധരിക്കാറുണ്ട്.



കൊടുങ്ങല്ലൂരിൽ AD 1524ൽ ഉണ്ടായ മൂറുകളുടെ ആക്രമണത്തിൽ യഹൂദർ പ്രാണരക്ഷാർത്ഥം മാള, ചേന്ദമംഗലം പറവൂർ, എന്നിവിടങ്ങളിലേക്ക് പലായനം ചെയ്യുകയുണ്ടായി. കൊടുങ്ങല്ലൂർ പട്ടണത്തിൻ്റെ തെക്കുഭാഗത്തു താമസിച്ചിരുന്ന യഹൂദപാരമ്പര്യം അവകാശപ്പെട്ടിരുന്ന തെക്കുംഭാഗക്കാർ എന്നറിയപ്പെട്ടിരുന്ന ക്നാനായ ക്രൈസ്തവർക്കും തങ്ങളുടെ ആദിമ കുടിയേറ്റസ്ഥാനം ഉപേക്ഷിക്കേണ്ടിവന്നു. തങ്ങളുടെ കൈവശം സൂക്ഷിച്ചിരുന്ന വേന്തൻമുടികളും ശിലയിലുള്ള രണ്ടു മാർത്തോമാ കുരിശുകളുമായി ഉദയംപേരൂരിലും കടുത്തുരുത്തിയിലും എത്തിച്ചേർന്ന് അതതു പ്രദേശങ്ങളിലെ വ്യാപാരങ്ങളിൽ മുഴുകി ജീവിതം നയിച്ചു വന്നു.
വടക്കുംകൂറിൻ്റെ ആസ്ഥാനമായ കടുത്തുരുത്തിയിൽ നിന്ന് AD1543 മുതൽ 1547വരെയുള്ള കാലയളവിൽ തെക്കുംകൂറിൻ്റെ ആസ്ഥാനമായ കോട്ടയം, കീഴ്മലനാടിൻ്റെ ആസ്ഥാനമായ തൊടുപുഴ, വഞ്ഞിപ്പുഴ മഠത്തിൻ്റെ അധീനതയിലുള്ള കല്ലിശ്ശേരി എന്നിവിടങ്ങളിലേക്ക് ഈ വിഭാഗത്തിൽ നിന്ന് കുറെയേറെ കുടുംബങ്ങൾ കുടിയേറി. മൂവാറ്റുപുഴയാർ, മീനച്ചിലാർ, പമ്പ എന്നീ നദികളെ കേന്ദ്രീകരിച്ചുണ്ടായിരുന്ന സുഗന്ധവ്യഞ്ജനവ്യാപാരങ്ങളുടെ മുൻപന്തിയിൽ ക്നാനായക്കാരായ കച്ചവടപ്രമുഖന്മാർ ഉണ്ടായിരുന്നു. കോട്ടയത്തേക്ക് കുടിയേറിയവർ പഹൽവി ലിപിയിലുള്ള അപൂർവ്വ മാർത്തോമാ കുരിശുകൾ കോട്ടയം വലിയപള്ളിയിൽ സൂക്ഷിച്ചു. തൊടുപുഴയിലേക്ക് വന്നവർ വേന്തൻ മുടി ചുങ്കംപള്ളിയിലും സൂക്ഷിച്ചു.

കീഴ്മലനാട്ടിലെ രാജാവായിരുന്ന മണികണ്ഠവർമ്മയുടെ ക്ഷണം സ്വീകരിച്ച് കടുത്തുരുത്തിയിൽ നിന്ന് പുറപ്പെട്ടവർ തൊടുപുഴയിലെ തന്നെ നെടിയശാല അങ്ങാടിയോട് ചേർന്നാണ് ആദ്യം വാസമാരംഭിച്ചത്. പിന്നീട് കടത്തുചുങ്കം പിരിക്കുന്ന സ്ഥലത്തേക്ക് മാറിത്താമസിച്ചു. തുടർന്ന് ഉദയംപേരൂരിൽനിന്ന് മറ്റൊരു സംഘം കൂടി ഇവിടെയെത്തി പാർപ്പുറപ്പിച്ചു. അംഗസംഖ്യ കൂടിയതോടു കൂടി ഒരു ആരാധനാലയം ആവശ്യമായി വന്നു. കീഴ്മലനാട്ടുരാജാവിൻ്റെ അനുമതിയോടെ ലഭ്യമായ സ്ഥലത്ത് 1579 ൽ ചുങ്കത്തെ ആദ്യത്തെ പള്ളി സ്ഥാപിതമായി.
AD 1630 ൽ ശില്പഭംഗിയോടു കൂടിയ ഭീമൻ കൽക്കുരിശ് സ്ഥാപിതമായി. ഇടിവെട്ടേറ്റു പിളർന്ന കൽക്കുരിശ് മാറ്റി പുതിയ കോൺക്രീറ്റ് കുരിശ് സ്ഥാപിച്ചുവെങ്കിലും പഴയത് അടുത്തു തന്നെ ഭിത്തിയിൽ പതിപ്പിച്ച് സൂക്ഷിച്ചിട്ടുണ്ട്. കൂടാതെ ആദ്യത്തെ പള്ളിയുടെ ഭാഗമെന്ന് കരുതാവുന്ന പത്തോളം ശിലാഫലകങ്ങളിൽ വട്ടെഴുത്തിൽ രേഖപ്പെടുത്തിയ ലിഖിതങ്ങളും ഭിത്തിൽ പതിപ്പിച്ച് സൂക്ഷിച്ചിട്ടുണ്ട്. ഈ ലിഖിതങ്ങൾ ഇനിയും വായിക്കപ്പെട്ടിട്ടില്ല.
കീഴ്മലനാടിൻ്റെ ആസ്ഥാനമായ കാരിക്കോട് അങ്ങാടിയിൽ നിന്ന് വൻതോതിൽ കുരുമുളകും മറ്റു സുഗന്ധവ്യഞ്ജനങ്ങളും പോർച്ചുഗീസുകാർ വാങ്ങിയിരുന്ന കാലഘട്ടമായിരുന്നു അത്. മധുരയിൽ നിന്ന് കൊച്ചിയിലേയ്ക്കുള്ള വ്യാപാരസംഘങ്ങളുടെ ഇടത്താവളം കൂടിയായിരുന്നു അക്കാലത്ത് തൊടുപുഴ. വണികവൈശ്യരും റാവുത്തർമാരും ക്രിസ്ത്യാനികളും ചേർന്നാണ് തൊടുപുഴയിലെ വ്യാപാരത്തെ നിയന്ത്രിച്ചിരുന്നത്. പോർച്ചുഗീസുകാരുമായുണ്ടായ വ്യാപാരം പതിനാറും പതിനേഴും നൂറ്റാണ്ടുകളിൽ പ്രദേശത്തെ സമ്പന്നതയിലേക്ക് ഉയർത്തി. വടക്കുംഭാഗക്കാരായ മാർത്തോമാ നസ്രാണികൾ മൈലക്കൊമ്പിലും തുടർന്ന് മുതലക്കോടത്തും ദേവാലയങ്ങൾ സ്ഥാപിച്ചിരുന്നു.
കേരളീയ ക്രിസ്ത്യാനികളുടെ മേൽ പോർച്ചുഗീസുകാർ മതപരമായ ആധിപത്യം ഉറപ്പാക്കിയ ഉദയംപേരൂർ സുന്നഹദോസിനും അരനൂറ്റാണ്ടിനു ശേഷമുണ്ടായ ഐതിഹാസികമായ കുഞ്ഞൻകുരിശ് ശപഥത്തിന് നേതൃത്വം നൽകിയ കല്ലിശ്ശേരി സ്വദേശിയായ ആഞ്ഞിലിമൂട്ടിൽ ഇട്ടിത്തൊമ്മൻ കത്തനാർ അക്കാലത്ത് ചുങ്കം ഫൊറോനാ പള്ളിയിലെ വികാരിയായിരുന്നു എന്നതും പള്ളിയുടെ ചരിത്രപരമായ പ്രാധാന്യം ഉയർത്തിക്കാണിക്കുന്നതാണ്.

