കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഡിസംബര്‍ എട്ടിനു വിധി പറയുന്നതിനായി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസ് തീയതി നിശ്ചയിച്ചു. ചൊവ്വാഴ്ചയോടെയാണ് രാജ്യം മുഴുവന്‍ ശ്രദ്ധിച്ച ഈ കേസിലെ വിചാരണ പൂര്‍ത്തിയായത്. നടന്‍ ദിലീപ് എട്ടാം പ്രതിയും പള്‍സര്‍ സുനി എന്നു വിളിക്കുന്ന എന്‍ എസ് സുനില്‍ ഒന്നാം പ്രതിയുമാണ്. ആകെ പത്തു പ്രതികളാണ് ഈ കേസിലുള്ളത്. സംഭവം നടന്ന് എട്ടു വര്‍ഷത്തിനു ശേഷമാണ് വിധി പറയുന്നത്.
2017 ഫെബ്രുവരി പതിനേഴിനായിരുന്നു കാറിനുള്ളില്‍ വച്ച് നടിക്കു നേരെ ആക്രമണമുണ്ടാകുന്നത്. ഷൂട്ടിങ്ങിനായി തൃശൂരില്‍ നിന്ന് എറണാകുളത്തേക്കുള്ള യാത്രയിലായിരുന്നു നടി. ഇതിനിടെ ക്വട്ടേഷന്‍ പ്രകാരം അവരെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തി എന്നതാണ് കേസ്. പ്രതിഭാഗം 221 രേഖകളാണ് ഈ കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാക്കിയത്. 28 സാക്ഷികള്‍ കൂറുമാറി. മാനഭംഗം, ഗൂഡാലോചന, സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായ തടങ്കല്‍, ബലപ്രയോഗം, തെളിവ് നശിപ്പിക്കല്‍, അശ്ലീല ചിത്രമെടുക്കല്‍, പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

