മുതിർന്ന മാധ്യമപ്രവർത്തകൻ എച്ച്.കെ. ദുവ അന്തരിച്ചു

ന്യൂഡൽഹി: പ്രശസ്ത മാധ്യമപ്രവർത്തകനും പത്മഭൂഷൺ ജേതാവുമായ എച്ച്.കെ. ദുവ (88) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ന് ഉച്ചയ്ക്ക് ഡൽഹിയിലെ ലോധി റോഡ് ശ്മശാനത്തിലാണ് സംസ്കാരം നടക്കുക.ഇന്ത്യൻ മാധ്യമരംഗത്ത് നിർണ്ണായക സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു അദ്ദേഹം.

ഹിന്ദുസ്ഥാൻ ടൈംസ്, ഇന്ത്യൻ എക്സ്പ്രസ്, ദ ട്രൈബ്യൂൺ എന്നീ പ്രമുഖ പത്രങ്ങളുടെ എഡിറ്റർ ഇൻ ചീഫ് ആയി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യയുടെ എഡിറ്റോറിയൽ അഡ്വൈസറായും അദ്ദേഹം പ്രവർത്തിച്ചു.മാധ്യമപ്രവർത്തനത്തിന് പുറമെ ഭരണരംഗത്തും അദ്ദേഹം തന്റെ മുദ്ര പതിപ്പിച്ചു. മുൻ പ്രധാനമന്ത്രിമാരായ അടൽ ബിഹാരി വാജ്‌പേയി, എച്ച്.ഡി. ദേവഗൗഡ എന്നിവരുടെ മാധ്യമ ഉപദേഷ്ടാവായിരുന്നു. 2001 മുതൽ 2003 വരെ ഡെന്മാർക്കിലെ ഇന്ത്യൻ അംബാസഡറായും അദ്ദേഹം പ്രവർത്തിച്ചു.

2009-ൽ രാഷ്ട്രപതി നാമനിർദ്ദേശം ചെയ്തതിനെത്തുടർന്ന് രാജ്യസഭാംഗമായി. 2015 വരെ സഭയിൽ തുടർന്ന അദ്ദേഹം വിദേശകാര്യം, സുരക്ഷ തുടങ്ങിയ വിഷയങ്ങളിലെ ചർച്ചകളിൽ സജീവമായിരുന്നു.മാധ്യമരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് 2008-ൽ രാജ്യം അദ്ദേഹത്തിന് പത്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. ഇതുകൂടാതെ നിരവധി പ്രമുഖ പുരസ്കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്.കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ശശി തരൂർ എം.പി, സുഖ്ബീർ സിംഗ് ബാദൽ തുടങ്ങി രാഷ്ട്രീയ-സാമൂഹിക-മാധ്യമ രംഗത്തെ പ്രമുഖർ അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചിച്ചു.

Leave a Reply

Your email address will not be published. Required fields are marked *