സിഡ്‌നി: സിഡ്‌നിയും ന്യൂ സൗത്ത് വെയ്‌ൽസിന്റെ പടിഞ്ഞാറൻ മേഖലകളും തമ്മിലുള്ള പ്രധാന ഗതാഗത മാർഗ്ഗമായ ഗ്രേറ്റ് വെസ്റ്റേൺ ഹൈവേയിലെ ‘വിക്ടോറിയ പാസ്’ മൂന്ന് മാസത്തേക്ക് അടച്ചിടാൻ തീരുമാനിച്ചു. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ പാതയിലെ ‘മിഷേൽസ് കോസ്‌വേ’ അഥവാ കോൺവിക്ട് ബ്രിഡ്ജിന്റെ അടിത്തറയിൽ വലിയ തോതിലുള്ള വിള്ളലുകളും ഘടനപരമായ തകരാറുകളും കണ്ടെത്തിയതിനെ തുടർന്നാണിത്.
റോഡ് ഏതുനിമിഷവും തകർന്നു വീഴാൻ സാധ്യതയുള്ളതിനാൽ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് അടിയന്തരമായാണ് ഗതാഗതം നിരോധിച്ചത്. വിക്ടോറിയ പാസ് അടച്ചതോടെ സിഡ്‌നിയിലേക്കും തിരിച്ചുമുള്ള ഗതാഗതം ഇപ്പോൾ ബെൽസ് ലൈൻ ഓഫ് റോഡ് വഴി ലിത്ഗോ ടൗണിലൂടെയാണ് തിരിച്ചുവിട്ടിരിക്കുന്നത്.
റോഡ് അടച്ചതോടെ ലിത്ഗോ നഗരത്തിലൂടെ പ്രതിദിനം പതിനൊന്നായിരത്തോളം വാഹനങ്ങളാണ് കടന്നുപോകുന്നത്. ഇത് നഗരത്തിൽ കനത്ത ഗതാഗതക്കുരുക്കിനും ശബ്ദമലിനീകരണത്തിനും കാരണമാകുന്നു. അതേസമയം, ഹൈവേ അടച്ചതോടെ ലിറ്റിൽ ഹാർട്ട്‌ലി പോലുള്ള പ്രദേശങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്.ഇവിടുത്തെ പ്രാദേശിക ബിസിനസ്സുകളിൽ 75 ശതമാനത്തോളം ഇടിവുണ്ടായതായി ഉടമകൾ പരാതിപ്പെടുന്നു.ദുരിതത്തിലായ വ്യാപാരികൾക്ക് സാമ്പത്തിക സഹായം നൽകുന്ന കാര്യം പരിഗണനയിലാണെന്ന് ഗതാഗത വകുപ്പ് മന്ത്രി ജെനി ഐച്ചിസൺ പറഞ്ഞു. മൂന്ന് മാസത്തിനുള്ളിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി റോഡ് തുറന്നു കൊടുക്കാനാണ് ശ്രമിക്കുന്നതെന്നും ജെനി ഐച്ചിസൺ പറഞ്ഞു.
റോഡ് മാർഗ്ഗമുള്ള തടസ്സം പരിഹരിക്കാൻ ബാതർസ്റ്റ് , മൗണ്ട് വിക്ടോറിയ, കറ്റൂംബ തുടങ്ങിയ ഇടങ്ങളിലേക്ക് അധിക ട്രെയിൻ സർവീസുകളും കോച്ചുകളും ഏർപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച രാത്രി ബാതർസ്റ്റിൽ നടക്കുന്ന ക്രോണുള്ള ഷാർക്സും പെൻറിത്ത് പാന്തേഴ്സും തമ്മിലുള്ള എൻആർഎൽ മത്സരം കാണാൻ എത്തുന്നവർക്കായി പ്രത്യേക ട്രെയിൻ സൗകര്യങ്ങൾ ലഭ്യമാക്കുമെന്ന് സിഡ്‌നി ട്രെയിൻസ് അറിയിച്ചു

