ഇനി മുതല്‍ വാറന്റ് ഇല്ലാതെ പരിശോധന നടത്താം; സിഖ് സമൂഹത്തിന് ആശങ്കയുണ്ടാക്കി വിക്ടോറിയ പോലീസിന്റെ പുതിയ അധികാരം

മെല്‍ബണ്‍: വാറന്റില്ലാതെ പരിശോധന നടത്താന്‍ വിക്ടോറിയ പോലീസിന് നല്‍കിയിരിക്കുന്ന പുതിയ അധികാരം സിഖ് സമൂഹത്തില്‍ ആശങ്കയുണ്ടാക്കുന്നു. മതപരമായ ആചാരത്തിന്റെ ഭാഗമായി ‘കിര്‍പ്പാന്‍’ (മതപരമായി സിഖുകാര്‍ ധരിക്കുന്ന
ചെറിയ വളഞ്ഞ കഠാര) ധരിക്കുന്നവര്‍ക്കെതിരെ ഈ അധികാരം വിനയായി വരുമെന്നാണ് ആശങ്കപ്പെടുന്നത്.

2026 മെയ് 29 വരെ മെല്‍ബണ്‍ നഗരത്തില്‍ (CBD) ആരെയും തടഞ്ഞുനിര്‍ത്തി പരിശോധിക്കാന്‍ പോലീസിന് അനുമതിയുണ്ട്. നഗരസുരക്ഷ ഉറപ്പാക്കാനും കത്തിക്കുത്ത് പോലുള്ള കുറ്റകൃത്യങ്ങള്‍ തടയാനുമാണ് ഈ നീക്കമെന്ന് പോലീസ് പറയുന്നു.

എന്നിരുന്നാലും, സിഖ് മതവിശ്വാസികള്‍ക്ക് കിര്‍പ്പാന്‍ ധരിക്കാന്‍ നിയമപരമായ അനുമതിയുണ്ടെങ്കിലും, പലപ്പോഴും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇതിനെക്കുറിച്ച് അറിവില്ലാത്തത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.

മതപരമായ ആവശ്യങ്ങള്‍ക്കായി കിര്‍പ്പാന്‍ ധരിക്കുന്നത് ‘കണ്‍ട്രോള്‍ ഓഫ് വെപ്പണ്‍സ് ആക്ട്’ പ്രകാരം ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്നും, ഇത് തിരിച്ചറിയാന്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം ലഭിച്ചിട്ടുണ്ടെന്നും വിക്ടോറിയ പോലീസ് അറിയിച്ചു. വംശീയമായ വേര്‍തിരിവുകള്‍ (Racial Profiling) അനുവദിക്കില്ലെന്നും പോലീസ് വക്താവ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *