വിക്ടോറിയൻ തിരഞ്ഞെടുപ്പ്: വോട്ട് വിഹിതത്തിൽ ലേബർ പാർട്ടിയെ മറികടന്ന് വൺ നേഷൻ; തൂക്കുമന്ത്രിസഭയ്ക്ക് സാധ്യത

One Nation leader Senator Pauline Hanson is seen speaking to the crowds during protest against the Queensland Government's mandatory vaccination laws on the Gold Coast, Saturday, November 27, 2021. A series of rallies will be held across Australia against mandatory vaccination. (AAP Image/Darren England) NO ARCHIVING

മെൽബൺ: വിക്ടോറിയൻ സംസ്ഥാന തിരഞ്ഞെടുപ്പിന് ഒൻപത് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഭരണകക്ഷിയായ ലേബർ പാർട്ടിയെ അമ്പരപ്പിച്ച് പോളിംഗ് ഫലങ്ങൾ പുറത്ത്. പ്രമുഖ സ്വതന്ത്ര ഗവേഷണ ഏജൻസിയായ റോയ് മോർഗൻ നടത്തിയ പുതിയ സർവ്വേ പ്രകാരം, പ്രാഥമിക വോട്ടുകളിൽ പൗളിൻ ഹാൻസന്റെ കൺസർവേറ്റീവ് പാർട്ടിയായ ‘വൺ നേഷൻ’ ലേബർ പാർട്ടിയെക്കാൾ നേരിയ മുന്നേറ്റം കൈവരിച്ചു. നിലവിലെ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് നടന്നാൽ വിക്ടോറിയയിൽ ഒരു തൂക്കുമന്ത്രിസഭയ്ക്കാണ് സാധ്യതയെന്ന് സർവ്വേ റിപ്പോർട്ട് വ്യക്തമാക്കുന്നു.

സർവ്വേ പ്രകാരം വൺ നേഷൻ പാർട്ടി 26.5 ശതമാനം പ്രാഥമിക വോട്ടുകൾ നേടിയപ്പോൾ ലേബർ പാർട്ടി 25.5 ശതമാനത്തിൽ ഒതുങ്ങി. അതേസമയം, രണ്ട് പാർട്ടികൾ തമ്മിലുള്ള മുൻഗണനാ വോട്ടുകളിൽ (Two-party preferred) ലേബർ പാർട്ടി ഇപ്പോഴും മുന്നിലാണ്. വോട്ടർമാരുടെ രണ്ടും മൂന്നും മുൻഗണനാ വോട്ടുകളായിരിക്കും ഇത്തവണ സംസ്ഥാന ഭരണത്തെ തീരുമാനിക്കുന്നതിൽ നിർണ്ണായകമാവുകയെന്ന് റോയ് മോർഗൻ നിരീക്ഷിച്ചു.

നിലവിലെ പ്രീമിയർ ജസീന്ത അല്ലാനെതിരെ ജനങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്ന അതൃപ്തിയും പോളിംഗ് ശരിവെക്കുന്നു. പ്രതിപക്ഷ നേതാവ് ജെസ് വിൽസൺ ആണ് മികച്ച പ്രീമിയർ എന്ന് 51 ശതമാനം പേരും അഭിപ്രായപ്പെട്ടു. ജസീന്തയുടെ പ്രകടനം തൃപ്തികരമല്ലെന്ന് മൂന്നിൽ രണ്ട് വോട്ടർമാരും രേഖപ്പെടുത്തിയിട്ടുണ്ട്. നിർമ്മാണ മേഖലയിലെ യൂണിയനായ CFMEU-മായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളും നികുതിദായകർക്ക് ഏകദേശം 15 ബില്യൺ ഡോളർ നഷ്ടമുണ്ടായെന്ന ‘റോട്ടിംഗ് ഫ്രം ദി ടോപ്പ്’ റിപ്പോർട്ടും സർക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

അഴിമതി ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രീമിയർ രൂക്ഷമായി പ്രതികരിച്ചതും പത്രസമ്മേളനങ്ങൾക്കിടയിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറിയതും വലിയ വിവാദമായിരുന്നു. ക്രിമിനൽ പശ്ചാത്തലമുള്ള യൂണിയൻ പ്രവർത്തനങ്ങളെ തടയാൻ സർക്കാർ ഒന്നും ചെയ്തില്ലെന്ന ആന്റി കറപ്ഷൻ ബാരിസ്റ്റർ ജെഫ്രി വാട്സന്റെ റിപ്പോർട്ടും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പ്രധാന ചർച്ചാവിഷയമായി മാറുകയാണ്. ഇതാദ്യമായാണ് വൺ നേഷൻ പോലുള്ള ഒരു പാർട്ടി വിക്ടോറിയൻ രാഷ്ട്രീയത്തിൽ ലേബർ പാർട്ടിക്കും കോളിഷനും വെല്ലുവിളിയുയർത്തുന്ന വിധം കരുത്താർജ്ജിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *