ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനത്തിലെ ചാവേര്‍ ഡോ. ഉമര്‍ മുഹമ്മദ് എന്ന ഉമര്‍ ഉന്‍ നബിയുടെ വീഡിയോ പുറത്ത്. രണ്ടു മാസത്തോളം മുമ്പ് ഏതാനും ടെലഗ്രാം ഗ്രൂപ്പുകളില്‍ പങ്കു വച്ച ഈ വീഡിയോ ചാവേറാകാന്‍ ഒരാള്‍ തീരുമാനിക്കുന്നതിനെ പ്രശംസിക്കുന്നതാണ്. ഈ വീഡിയോ പുറത്തു വന്നതോടെ ഉമര്‍ സ്വന്തം തീരുമാനപ്രകാരം സ്വയം ചാവേറാകുകയായിരുന്നുവെന്ന് അന്വേഷണ ഏജന്‍സികള്‍ അനുമാനിക്കുന്നു.
വീഡിയോയില്‍ പറയുന്നത് ഇങ്ങനെ. വളരെ തെറ്റിദ്ധരിക്കപ്പെട്ടൊരു ആശയമാണ് ചാവേല്‍ ആക്രമണം. ഒരു മനുഷ്യന്‍ സ്വയം മരിക്കാന്‍ ഉറപ്പിച്ചാണ് ചാവേറായി മാറുന്നത്. ഇത് ഇസ്ലാമില്‍ അറിയപ്പെടുന്നൊരു രക്തസാക്ഷിത്വ ഓപ്പറേഷനാണ്. ഇപ്പോള്‍ ഇതിനെതിരായി നിരവധി വാദങ്ങള്‍ ഉന്നയിക്കുന്നവരുണ്ട്. ഒരു വ്യക്തി ഒരു പ്രത്യേക സ്ഥലത്ത് ഒരു പ്രത്യേക സമയത്ത് സ്വയം മരിക്കുന്നതാണ് രക്തസാക്ഷിത്വ ഓപ്പറേഷന്‍. എന്നിരുന്നാലും അയാള്‍ എവിടെ എപ്പോള്‍ മരിക്കുമെന്ന് പ്രവചിക്കാനാവില്ല. അങ്ങനെ നടക്കണമെന്ന് വിധിച്ചിട്ടുണ്ടെങ്കില്‍ അങ്ങനെ നടക്കും. മരണത്തെ ഭയപ്പെടരുത്.
ഒരു മിനിറ്റ് ഇരുപതു സെക്കന്‍ഡാണ് വീഡിയോയുടെ ദൈര്‍ഘ്യം. ഇംഗ്ലീഷിലാണ് വളരെ സ്ഫുടമായും ശാന്തമായും സംസാരിക്കുന്ന വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. വീടിന്റെ പശ്ചാത്തലത്തെക്കാള്‍ ഹോസ്റ്റലിന്റെയോ ലോഡ്ജിന്റെയോ മുറിയെന്നു തോന്നുന്ന പശ്ചാത്തലമാണ് വീഡിയോയ്ക്കുള്ളത്.

