കൊച്ചി: നാടകപ്രവർത്തകർക്കും കലപ്രേമികൾക്കും പ്രിയങ്കരനായിരുന്ന പ്രമുഖ നാടകപ്രവർത്തകനും കവിയും ചിത്രകാരനുമായ കോഴിക്കോട് സ്വദേശി വിജേഷ് (49) അന്തരിച്ചു. കൊച്ചി തേവര സേക്രട്ട് ഹാർട്ട് കോളേജിൽ കുട്ടികൾക്കായുള്ള നാടക പരിശീലനത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുട്ടികളുടെ നാടകവേദിയിൽ തനതായ മുദ്ര പതിപ്പിച്ച പരിശീലകനായിരുന്നു വിജേഷ്. അർത്ഥവത്തായ വരികളിലൂടെ നാടകപ്രേമികളുടെ ഹൃദയത്തിൽ ഇടംപിടിച്ച നിരവധി നാടകഗാനങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. “നിങ്ങള് നിങ്ങളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ, ഒരമ്മ പെറ്റതു പോലെ എല്ലാരും അങ്ങിനെ തന്നെ” എന്ന പ്രശസ്തമായ ഗാനം വിജേഷിന്റെ സർഗ്ഗപ്രതിഭയുടെ അടയാളമായി ഇന്നും മലയാളി മനസ്സുകളിലുണ്ട്. “ഈ ചെറിയ ഭൂമീന്റെ ഉള്ളിന്റെ ഉള്ളില് ഒരു ചെറിയ ഭൂമീണ്ട്” എന്ന നാടകപ്പാട്ടും അദ്ദേഹത്തിന്റെ രചനകളിൽ ശ്രദ്ധേയമാണ്.


മൃതദേഹം തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലും കോഴിക്കോട് ടൗൺഹാളിലും പൊതുദർശനത്തിന് വെച്ചു. കലാ-സാംസ്കാരിക രംഗത്തെ പ്രമുഖരടക്കം നൂറുകണക്കിന് ആളുകൾ പ്രിയ കലാകാരന് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിച്ചേർന്നു. തങ്ങൾക്കേറെ പ്രിയപ്പെട്ട നാടകപ്പാട്ടുകൾ വികാരാധീനരായി പാടിക്കൊണ്ടാണ് സുഹൃത്തുക്കളും സഹപ്രവർത്തകരും ആ വലിയ പ്രതിഭയ്ക്ക് വിട നൽകിയത്.
അപ്രതീക്ഷിതമായ ഈ വേർപാട് മലയാള നാടകവേദിക്കും പ്രത്യേകിച്ച് നാടക പരിശീലന രംഗത്തിനും വലിയൊരു ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്.

