കൊച്ചി: ചികിത്സാ പിഴവിനെത്തുടർന്ന് വലതുകൈ നഷ്ടപ്പെട്ട ഒൻപത് വയസുകാരി വിനോദിനിക്ക് ഇനി പുതിയ കൈകൾ കരുത്താകും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് കൃത്രിമ കൈ ഘടിപ്പിച്ചതോടെ വിനോദിനി വീണ്ടും ആത്മവിശ്വാസത്തോടെ ജീവിതത്തിലേക്ക് മടങ്ങുകയാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഇടപെടലാണ് കുട്ടിയുടെ ചികിത്സയും കൃത്രിമ കൈയും സാധ്യമാക്കിയത്.
സെപ്റ്റംബറിൽ കളിക്കുന്നതിനിടെ വീണ് കൈ ഒടിഞ്ഞതിനെത്തുടർന്നാണ് പാലക്കാട് പല്ലശ്ശന സ്വദേശിയായ വിനോദിനി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയത്. എന്നാൽ ചികിത്സാ പിഴവിനെത്തുടർന്ന് കുട്ടിയുടെ വലതുകൈ മുറിച്ചുമാറ്റേണ്ടി വന്നു. കൃത്രിമ കൈ വെക്കാൻ സാമ്പത്തികമില്ലാതെ വിഷമിച്ച കുടുംബത്തിന്റെ വാർത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞ വി.ഡി. സതീശൻ കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു. നിലവിൽ സ്വന്തമായി വീടില്ലാത്ത വിനോദിനിയുടെ കുടുംബത്തിന് സ്ഥലം വാങ്ങി നൽകുമെന്നും വീട് വെക്കാൻ സുമനസ്സുകൾ മുന്നോട്ട് വന്നിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
പുതിയ കൈകളിൽ പൂക്കൾ നൽകിയാണ് വിനോദിനി തന്നെ കാണാനെത്തിയ വി.ഡി. സതീശനെ സ്വീകരിച്ചത്. ഇനി സ്കൂളിൽ പോകാനും ചിത്രം വരയ്ക്കാനും നൃത്തം ചെയ്യാനും തനിക്ക് സാധിക്കുമെന്ന വലിയ സന്തോഷത്തിലാണ് ഈ മിടുക്കി.

