പെര്‍ത്ത് എയര്‍പോര്‍ട്ടില്‍ അതിക്രമം; വിമാന ജീവനക്കാരെയും പോലീസിനെയും അധിക്ഷേപിച്ച യുവാവ് പിടിയില്‍

പെര്‍ത്ത് : പെര്‍ത്ത് എയര്‍പോര്‍ട്ടില്‍ വിമാന ജീവനക്കാരോടും ഫെഡറല്‍ പോലീസ് ഉദ്യോഗസ്ഥരോടും മോശമായി പെരുമാറിയ 31-കാരനായ ന്യൂ സൗത്ത് വെയ്ല്‍സ് സ്വദേശിയെ ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയില്‍ വിമാനത്താവളത്തില്‍ പരിഭ്രാന്തി സൃഷ്ടിച്ച ഇയാളെ പെര്‍ത്ത് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

സിഡ്നിയിലേക്കുള്ള വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയ യുവാവ് വിമാനം പുറപ്പെടുന്നതിന് മുന്‍പേ തന്നെ മദ്യലഹരിയില്‍ അക്രമാസക്തനാവുകയായിരുന്നു.ഇയാളുടെ പെരുമാറ്റം യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും സുരക്ഷാ ഭീഷണിയാണെന്ന് കണ്ട അധികൃതര്‍ വിമാനത്തില്‍ നിന്ന് ഇയാളെ പുറത്താക്കി.

പുറത്തിറക്കിയതിനെ തുടര്‍ന്ന് എയര്‍ലൈന്‍ ജീവനക്കാരോട് തട്ടിക്കയറിയ ഇയാളെ അഎജ ഉദ്യോഗസ്ഥര്‍ ഇടപെട്ട് എയര്‍പോര്‍ട്ട് പരിസരത്ത് നിന്നും നീക്കം ചെയ്തു. എന്നാല്‍ അല്പസമയത്തിനുള്ളില്‍ വിലക്ക് ലംഘിച്ച് ഇയാള്‍ വീണ്ടും വിമാനത്താവളത്തിനുള്ളില്‍ തിരിച്ചെത്തുകയായിരുന്നു.പോലീസിന്റെ നിര്‍ദ്ദേശങ്ങള്‍ അവഗണിക്കുകയും ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ചെയ്തതോടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആക്റ്റ് 2006 (സെക്ഷന്‍ 153-1) പ്രകാരം പോലീസ് ഉദ്യോഗസ്ഥന്റെ ഉത്തരവ് ലംഘിച്ചതിനാണ് ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.ഈ കുറ്റത്തിന് പരമാവധി 12 മാസം തടവോ അല്ലെങ്കില്‍ 12,000 ഡോളര്‍ പിഴയോ (ഏകദേശം 10 ലക്ഷത്തോളം രൂപ) ശിക്ഷയായി ലഭിക്കാം. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് AFP ആക്റ്റിംഗ് ഇന്‍സ്പെക്ടര്‍ ഗാബി ആദം വ്യക്തമാക്കി. വിമാനത്താവളങ്ങളിലോ വിമാനത്തിനുള്ളിലോ ഉണ്ടാകുന്ന ഇത്തരം മോശം പെരുമാറ്റങ്ങള്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്നും അദ്ദേഹം പറഞ്ഞു. എയര്‍പോര്‍ട്ടുകളില്‍ സംശയാസ്പദമായ സാഹചര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ 131 237 (131 AFP) എന്ന നമ്പറില്‍ വിവരം അറിയിക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു

Leave a Reply

Your email address will not be published. Required fields are marked *