തെരുവുകൾ കാടുമൂടി, മാലിന്യം കുന്നുകൂടി; ബ്ലാക്ക് ടൗൺ കൗൺസിലിനെതിരെ തിരിഞ്ഞ് വൈറൽ തോട്ടക്കാരൻ

സിഡ്‌നി: അധികൃതർ കൈയ്യൊഴിഞ്ഞ ബിഡ്‌വിൽ നഗരത്തിലെ തെരുവുകൾക്ക് പുതുജീവൻ നൽകി സോഷ്യൽ മീഡിയയിലെ പ്രശസ്തനായ തോട്ടക്കാരൻ. രണ്ട് മീറ്ററോളം ഉയരത്തിൽ പുല്ലു വളർന്ന് കാടുമൂടുകയും ഡ്രെയിനേജുകൾ മാലിന്യം കൊണ്ട് നിറയുകയും ചെയ്തതോടെ നാട്ടുകാരുടെ അഭ്യർത്ഥന പ്രകാരമാണ് തോട്ടക്കാരനായ സ്റ്റാഫോർഡ് നേരിട്ടെത്തി ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ ആറ് മണിക്കൂറോളം ചിലവിട്ടാണ് അദ്ദേഹം ഈ പ്രദേശം വൃത്തിയാക്കിയത്.

തന്റെ ദശലക്ഷക്കണക്കിന് വരുന്ന ഫോളോവേഴ്‌സിനു മുന്നിൽ ബ്ലാക്ക് ടൗൺ കൗൺസിലിന്റെ അനാസ്ഥ അദ്ദേഹം തുറന്നുകാട്ടി. “കൗൺസിൽ നോക്കേണ്ട ഡ്രെയിനുകൾ, പാർക്കുകൾ, നടപ്പാതകൾ എന്നിവയിലാണ് ഞാൻ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഈ പ്രദേശത്തുനിന്ന് അഞ്ച് കിലോമീറ്റർ ദൂരത്തുള്ള മറ്റ് സ്ഥലങ്ങളെല്ലാം സുന്ദരമായി കിടക്കുമ്പോൾ ബിഡ്‌വിലിനോട് മാത്രം എന്താണ് ഈ അവഗണന?” എന്ന് സ്റ്റാഫോർഡ് ചോദിക്കുന്നു. പ്രദേശവാസികൾക്ക് ഇപ്പോൾ അദ്ദേഹം ഒരു വീരനായകനാണ്. കൗൺസിലിനെ എത്ര വിളിച്ചിട്ടും ഫലമുണ്ടായില്ലെന്നും സ്റ്റാഫോർഡിന്റെ വരവോടെയാണ് മാറ്റങ്ങൾ ഉണ്ടായതെന്നും നാട്ടുകാർ പറയുന്നു.

സ്റ്റാഫോർഡ് പങ്കുവെച്ച ശുചീകരണ വീഡിയോ വൈറലായതോടെ കൗൺസിൽ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ജനസംഖ്യ കൂടുന്നതിനനുസരിച്ച് മെയിന്റനൻസ് വെല്ലുവിളികളും കൂടുകയാണെന്നും ബിഡ്‌വിലിലെ 38 പൊതുസ്ഥലങ്ങൾ തങ്ങൾ വൃത്തിയാക്കുന്നുണ്ടെന്നും കൗൺസിൽ പ്രസ്താവനയിൽ അറിയിച്ചു. എന്നാൽ റോഡരികിലെ പുൽത്തകിടികൾ (Nature strips) വെട്ടാൻ തങ്ങൾക്ക് സൗകര്യമില്ലെന്നാണ് കൗൺസിലിന്റെ നിലപാട്. ഈ പ്രദേശത്തെ മെയിന്റനൻസ് പ്ലാൻ പുനഃപരിശോധിക്കുമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. കൗൺസിൽ ഉണരുന്നത് വരെ താൻ ശബ്ദം ഉയർത്തിക്കൊണ്ടിരിക്കുമെന്ന് സ്റ്റാഫോർഡ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *