ന്യൂഡൽഹി: തലസ്ഥാന നഗരിയിൽ നടക്കാനിരിക്കുന്ന വിവിധ പരിപാടികളുടെ പശ്ചാത്തലത്തിൽ ഫെബ്രുവരി 16 മുതൽ 23 വരെ അഭിഭാഷകർക്കും കക്ഷികൾക്കും കോടതി നടപടികളിൽ വിർച്വലായി (ഓൺലൈൻ) പങ്കെടുക്കാൻ ഡൽഹി ഹൈക്കോടതി അനുമതി നൽകി. ഭാരത് മണ്ഡപത്തിൽ നടക്കുന്ന ‘എഐ ഇംപാക്ട് സമ്മിറ്റ്’, ബാർ കൗൺസിൽ ഓഫ് ഡൽഹി തിരഞ്ഞെടുപ്പ് എന്നിവ പ്രമാണിച്ചാണ് ഈ തീരുമാനം.
ഹൈക്കോടതിക്ക് സമീപമുള്ള ഭാരത് മണ്ഡപത്തിൽ ഫെബ്രുവരി 16 മുതൽ 20 വരെയാണ് എഐ ഇംപാക്ട് സമ്മിറ്റ് നടക്കുന്നത്. തുടർന്ന് 21 മുതൽ 23 വരെ കോടതി വളപ്പിൽ തന്നെ ബാർ കൗൺസിൽ തിരഞ്ഞെടുപ്പും നിശ്ചയിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ കോടതി പരിസരത്തെ തിരക്കും ഗതാഗത നിയന്ത്രണങ്ങളും കണക്കിലെടുത്താണ് നേരിട്ട് ഹാജരാകുന്നതിന് പകരം വീഡിയോ കോൺഫറൻസിങ് വഴി കോടതി നടപടികളിൽ പങ്കുചേരാൻ ഹൈക്കോടതി സൗകര്യമൊരുക്കിയത്.

