പാലക്കാട്: സിംഗപ്പൂര്‍, യുകെ, പോളണ്ട് എന്നിവിടങ്ങളിലേക്ക് ജോലിയും വിസയും വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് 36.19 ലക്ഷം രൂപ തട്ടിയെടുത്തയാള്‍ അറസ്റ്റില്‍. വടക്കഞ്ചേരി അഞ്ചുമൂര്‍ത്തിമംഗലം കണ്ടന്‍കാളിപ്പൊറ്റ വിഷ്ണുരാജാണ് (29) അറസ്റ്റിലായത്. വടക്കഞ്ചേരിയില്‍ ആരംഭിച്ച കണ്‍ട്രോള്‍ യെസ് എല്‍എല്‍പി എന്ന സ്ഥാപനം മുഖാന്തരം 2019 മുതല്‍ വിഷ്ണുരാജ് തട്ടിപ്പ് നടത്തിവരികയായിരുന്നെന്ന് വടക്കഞ്ചേരി പൊലീസ് പറഞ്ഞു. തൃശ്ശൂര്‍, കോട്ടയം, പാലക്കാട് ജില്ലകളില്‍ നിന്നുള്ളവരാണ് തട്ടിപ്പിനിരയായവര്‍. പണം ലഭിക്കാതെ ആളുകള്‍ പരാതിയുമായി എത്തുമ്പോള്‍ വിഷ്ണുരാജ് ഒളിവില്‍ പോവുകയും മുന്‍കൂര്‍ജാമ്യം എടുക്കുകയും ചെയ്തിരുന്നതിനാല്‍ പൊലീസിന് അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.
ഏറ്റവും ഒടുവില്‍ പാലക്കാട് പുലാപ്പൊറ്റ സ്വദേശി സന്ദീപ് നല്‍കിയ പരാതിയില്‍ പൊലീസ് നടത്തിയ രഹസ്യ നീക്കത്തിലാണ് വിഷ്ണുരാജ് അറസ്റ്റിലായത്. യുകെയില്‍ വിസ വാഗ്ദാനം ചെയ്ത് സന്ദീപില്‍ നിന്ന് 7.62 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. തട്ടിപ്പിനിരയായവര്‍ പലപ്പോഴായാണ് പണം നല്‍കിയത്. വിസ ലഭിക്കാതായതോടെ എല്ലാവരും പണം തിരികെ ആവശ്യപ്പെട്ടു. പല അവധികള്‍ പറഞ്ഞെങ്കിലും പണം കിട്ടാതായതോടെയാണ് തട്ടിപ്പാണെന്ന് മനസിലായത്. ഒരു വര്‍ഷം മുമ്പ് വടക്കഞ്ചേരിയിലെ സ്ഥാപനവും പൂട്ടി. സ്ഥാപനത്തിന് ലൈസന്‍സുണ്ടായിരുന്നില്ലെന്നും പൊലീസ് കണ്ടെത്തി. ഇതിനിടെ വിഷ്ണുരാജ് ദില്ലിയില്‍ ഫ്ളാറ്റ് വാങ്ങിയതായും സമീപത്ത് താമസിച്ചിരുന്ന ആളില്‍ നിന്നും പണം തട്ടിയെടുത്തതായി വിവരങ്ങളുണ്ട്.
വടക്കഞ്ചേരി പൊലീസ് ഇന്‍സ്പെക്ടര്‍ കെ.പി.ബെന്നി, എസ്ഐ പി.സി.സനേഷ് എന്നിവരുടെ നേതൃത്വത്തിലാണ് വിഷ്ണുരാജിനെ അറസ്റ്റ് ചെയ്തത്. ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പണം തട്ടിപ്പിന്റെ പേരില്‍ വടക്കഞ്ചേരി, കസബ സ്റ്റേഷനുകളില്‍ വിഷ്ണുരാജിനെതിരെ അഞ്ച് കേസുകളാണ് നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വിഷ്ണുരാജ് അറസ്റ്റിനെത്തുടര്‍ന്ന് തട്ടിപ്പാണെന്ന് വ്യക്തമായതോടെ കൂടുതല്‍ പേര്‍ പരാതിയുമായി എത്തിയേക്കുമെന്നാണ് സൂചന.
കോയമ്പത്തൂരില്‍ പുതിയ സ്ഥാപനം വിഷ്ണുരാജ് കോയമ്പത്തൂര്‍ ശരവണംപെട്ടിയില്‍ ലൊക്കേഷ്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ഒരു കണ്‍സള്‍ട്ടന്‍സി സ്ഥാപനം തുടങ്ങിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വടക്കഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

